BREAKINGKERALA

ടെക്‌നോ സിറ്റിയില്‍ ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു; ആദ്യം വിരണ്ടോടി, ശേഷം മയങ്ങിവീണു

തിരുവനന്തപുരം: മംഗലപുരത്ത് ഡിജിറ്റല്‍ സര്‍വകലാശാലയും ടെക്നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വെടികൊണ്ട് വിരണ്ടോടിയ പോത്ത് തെന്നൂര്‍ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണു. മൂന്നു തവണയാണ് മയക്കുവെടിയുതിര്‍ത്തത്. ഇനി ഇതിനെ വാഹനത്തില്‍ കയറ്റി വനത്തിലേക്ക് വിടും. അതിനുമുമ്പ് കാട്ടുപോത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നും പരിശോധിക്കും.
ഒരാഴ്ചയായി മംഗലപുരം മേഖലയിലുണ്ടായ പോത്തിനെയാണ് മയക്കു വെടിവച്ച് പിടികൂടിയത്. ഇവിടെ നിന്നു 35 കിലോമീറ്റര്‍ അകലെയുള്ള പാലോട് വനമേഖലയില്‍ നിന്നു കൂട്ടംതെറ്റി എത്തിയ കാട്ടുപോത്തെന്നാണു കരുതുന്നത്. പൂര്‍ണവളര്‍ച്ച എത്താത്ത ഇതിന് 500 കിലോഗ്രാമിലേറെ ഭാരം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കാട്ടുപോത്തിനെ പിടികൂടാനായിരുന്നില്ല. അലഞ്ഞുതിരിയുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ നാട്ടുകാര്‍ അതു ചൊവ്വാഴ്ച രാത്രി 7.30നു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്. തുടര്‍ന്ന് പൊലീസ്, വനംവകുപ്പിനെ വിവരമറിയിച്ചു. വൈകാതെ പാലോട് റേഞ്ച് ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ കാല്‍പാടുകള്‍ പരിശോധിച്ചു കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 7ന് തിരുവനന്തപുരം ഡിഎഫ്ഒ അനില്‍ ആന്റണിയുടെ നേതൃത്വത്തില്‍ അഞ്ചല്‍, കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നീ റേഞ്ച് ഓഫിസുകളില്‍ നിന്നായി 50 ലേറെ ഉദ്യോഗസ്ഥരും റാപിഡ് റെസ്പോണ്‍സ് ടീമും സ്ഥലത്തെത്തി. ഇവര്‍ 4 സംഘങ്ങളായി തിരച്ചില്‍ ആരംഭിച്ചു.
കാട്ടുപോത്തിന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്നായിരുന്നു തിരച്ചില്‍. നാട്ടുകാരും തടിച്ചുകൂടി. സുരക്ഷയുടെ ഭാഗമായി കാരമൂട് – സിആര്‍പിഎഫ് റോഡിലേക്കുള്ള ഗതാഗതം തിരിച്ചുവിട്ടു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഡ്രോണ്‍ എത്തിച്ചു നിരീക്ഷിക്കാനും വൈകിട്ടോടെ നാട്ടുകാരെ അറിയിച്ച് നിരോധനാജ്ഞ ഏര്‍പ്പെടുത്തി മയക്കുവെടിവച്ച് പിടികൂടാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കാട്ടുപോത്തിനെ കണ്ടെത്താനായില്ല. ടെക്നോസിറ്റിയുടെ പിന്‍ഭാഗത്തെ കാടുപിടിച്ച 12 ഏക്കര്‍ സ്ഥലത്തായിരുന്നു ബുധനാഴ്ച രാവിലെ മുതല്‍ കാട്ടുപോത്ത് ഉണ്ടായിരുന്നത്.
വള്ളിപ്പടര്‍പ്പുകള്‍ കാരണം മുന്നോട്ടുനീങ്ങാന്‍ പ്രയാസമുള്ള ഇവിടെ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ഉച്ചയോടെ ഈ പ്രദേശത്ത് റോഡിനോടു ചേര്‍ന്നുള്ള ഒരു വീടിന്റെ സമീപത്തു കാട്ടുപോത്തിനെ കണ്ടെത്തി. വനം വകുപ്പ് ജീവനക്കാര്‍ വളയുകയും കാട്ടുപോത്തിന്റെ ശ്രദ്ധ തിരിക്കാന്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. എന്നാല്‍ അവിടെ നിന്നു കുതിച്ച കാട്ടുപോത്ത് ടെക്നോസിറ്റിയിലെ കബനി കെട്ടിട സമുച്ചയത്തിന്റെ ഭാഗത്തെത്തിയശേഷം കുറ്റിക്കാട്ടില്‍ മറഞ്ഞു. വെളിച്ചം ഇല്ലാത്തതിനാല്‍ രാത്രി തിരച്ചില്‍ ഒഴിവാക്കി. പിന്നീട് വ്യാഴാഴ്ചയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.

Related Articles

Back to top button