തിരുവനന്തപുരം: പൊലീസ് മേധാവിയുണ്ടെങ്കിലും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന ഭരണം നടത്തുന്നത് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയാണ്. നേരത്തേ ഉത്തര മേഖലയും ദക്ഷിണ മേഖലയുമായി 2 എഡിജിപിമാരായിരുന്നു സംസ്ഥാനത്തെ ക്രമസമാധാനച്ചുമതല വഹിച്ചിരുന്നതെങ്കില്‍ പിന്നീട് ഒരു എഡിജിപിയിലേക്ക് ഈ അധികാരം കേന്ദ്രീകരിച്ചു. ഇതോടെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ‘സൂപ്പര്‍ ഡിജിപി’ ആയിമാറി.
ഇടതു സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനു മാത്രം അവകാശപ്പെട്ട തസ്തികയായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനം മാറി. മുഖ്യമന്ത്രിയുടെ മാത്രമല്ല, പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഫോണിന്റെ മറുതലയ്ക്കല്‍ എപ്പോഴും എന്തിനും തയാറായി അജിത്കുമാര്‍ ഉണ്ടെന്നതും പൊലീസ് തലപ്പത്തുയരുന്ന പതിവ് ആരോപണമായിരുന്നു.
അജിത് കുമാര്‍ നേരത്തേ നടത്തിയൊരു നീക്കവും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിരുന്നു. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെയാണ് അന്നു വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന എം.ആര്‍.അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം പാലക്കാട്ടെ വിജിലന്‍സ് സംഘം സ്വപ്നയുടെ സുഹൃത്ത് പി.എസ്.സരിത്തിനെ തട്ടിക്കൊണ്ടുപോകുകയും മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്തു.
ഇതു വിവാദമായതോടെ അജിത്കുമാറിനെ എഡിജിപി പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്ന അപ്രധാന തസ്തികയിലേക്കു മാറ്റി. സംഭവത്തില്‍ അന്വേഷണമൊക്കെ പ്രഖ്യാപിച്ചെങ്കിലും 4 മാസം തികയും മുന്‍പ് സര്‍വ ശക്തനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പൊലീസില്‍ രണ്ടാമനായി എത്തി. പിന്നീടങ്ങോട്ട് പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി അജിത്കുമാര്‍ കൂട്ടുകെട്ട് പൊലീസ് ഭരണം പൂര്‍ണമായും കയ്യടക്കി.
ഡിജിപി ഡോ.എസ്.ദര്‍വേഷ് സാഹിബ് ആദ്യം മടിച്ചെങ്കിലും ഒരു വര്‍ഷം കൂടി കാലാവധി നീട്ടിക്കിട്ടിയതോടെ പിടിമുറുക്കാന്‍ തുടങ്ങി. എഡിജിപിയെ ശാസിച്ച് മെമ്മോ നല്‍കാനും അതു സര്‍വീസ് രേഖകളില്‍ ഉള്‍പ്പെടുത്താനും പോലും ഡിജിപി മടിച്ചില്ല.
ഒടുവില്‍ എസ്പി സുജിത് ദാസിന്റെ ഫോണ്‍സംഭാഷണത്തില്‍ നിന്ന് തിരി കൊളുത്തിയ പടക്കം ആര്‍എസ്എസ് കൂടിക്കാഴ്ചയും പൂരം കലക്കലുമായി വലിയ ബോംബായി മാറിയപ്പോള്‍, കരുത്തായി നിന്ന മുഖ്യമന്ത്രിയും കൈവിട്ടിരിക്കുന്നു. 2 വര്‍ഷത്തെ അധികാരപദവിയില്‍ നിന്ന് അജിത്കുമാര്‍ പടിയിറങ്ങുന്നു.
58 1 minute read