കണ്ണൂര്‍: മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി ഉത്തരവില്‍ പിപി ദിവ്യയ്‌ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകള്‍. സാധാരണ പുറപ്പെടുവിക്കാറുള്ള മുന്‍കൂര്‍ ജാമ്യ ഉത്തരവുകളേക്കാള്‍ സമഗ്രമായ വിധിയില്‍ കേസിന്റെ നിയമപരമായ നിലനില്‍പ്പ് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ക്ഷണിച്ചിട്ടാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളയുകയായിരുന്നു.
പൊതുപ്രവര്‍ത്തകയായ താന്‍ അഴിമതിക്കെതിരെ കര്‍ശന നിലപാട് എടുക്കുന്നയാളാണ്. തീര്‍ത്തും സദുദ്ദേശപരമായിരുന്നു അന്നത്തെ പ്രസംഗം. സമൂഹത്തിനു മുന്നില്‍ ആ സന്ദേശം എത്തിക്കാനായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. ദിവ്യയുടെ ഈ വാദങ്ങള്‍ ഓരോന്നും കോടതി തള്ളിക്കളയുന്നുണ്ട്. ക്ഷണിക്കാത്ത സ്വകാര്യ ചടങ്ങില്‍ വീഡിയോഗ്രാഫറുമായി എത്തുന്നതിന്റെ ലക്ഷ്യമെന്തെന്ന് മനസിലാവുന്നില്ലെന്ന് നിരീക്ഷിച്ച തലശ്ശേരി സെഷന്‍സ് കോടതി ജഡ്ജ് കെടി നിസാര്‍ അഹമ്മദ് വീഡിയോ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കണ്ടെത്തി. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ ടിവി പ്രശാന്ത് എഡിഎമ്മിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന് ഒരു തെളിവും ഹാജരാക്കാന്‍ പ്രതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഗംഗാധരന്‍ എന്ന മറ്റൊരു പരാതിക്കാരനെപ്പറ്റി ദിവ്യ പറയുന്നുണ്ട്. എന്നാല്‍, ആ പരാതിയില്‍ നവീന്‍ ബാബു അഴിമതി കാട്ടിയെന്ന ആരോപണമേ ഇല്ലെന്ന കുടുംബത്തിന്റെ വാദമാണ് കോടതി അംഗീകരിച്ചത്.
പ്രസംഗം ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചതല്ലെന്നും അതിനാല്‍ പ്രേരണാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു ദിവ്യയുടെ മറ്റൊരു വാദം. എന്നാല്‍ പ്രസംഗവും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ നവീന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന വസ്തുത ചൂണ്ടിക്കാട്ടി ആ വാദവും കോടതി തള്ളിക്കളഞ്ഞു. കേസ് നിലവിലുണ്ടെന്ന് അംഗീകരിച്ചാലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന ദിവ്യയുടെ വാദം സുമിത പ്രദീപ് വേഴ്‌സസ് അരുണ്‍ കുമാര്‍ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് കോടതി തള്ളിയത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് മുന്‍കൂര്‍ ജാമ്യം നല്‍കുമ്പോള്‍ കണക്കിലെടുക്കേണ്ട പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. ഇക്കാര്യം മാത്രം പരിഗണിച്ച് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും കോടതി ഉത്തരവില്‍ പങ്കുവെച്ചു.
56 1 minute read