മേപ്പാടി: പൊട്ടിയൊലിച്ചെത്തിയ ഉരുളിനുമുന്നില്‍നിന്ന് പ്രാണന്‍മാത്രം മുറുക്കെപ്പിടിച്ച് രക്ഷപ്പെട്ടവരുടെ സമ്പാദ്യങ്ങളില്‍ കണ്ണുവെച്ച് മോഷ്ടാക്കളും കാഴ്ചതേടി ഡിസാസ്റ്റര്‍ ടൂറിസ്റ്റുകളും ദുരന്തഭൂമിയിലേക്ക്. രക്ഷാപ്രവര്‍ത്തകരെന്ന വ്യാജേനയാണ് ചിലര്‍ പ്രദേശത്ത് മോഷണത്തിനിറങ്ങിയിരിക്കുന്നത്. വീഡിയോയാക്കി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാനാണ് അയല്‍സംസ്ഥാനങ്ങളില്‍നിന്നടക്കം സഞ്ചാരികളുടെ ഒഴുക്ക്. ഇവരുടെ ശല്യം രക്ഷാപ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുമെന്നായതോടെ പുറമേനിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിന് പോലീസ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി.
ദുരന്തഭൂമിയില്‍ അവശേഷിക്കുന്ന വീടുകളിലും പാടികളിലുമെല്ലാം മോഷണങ്ങളോ മോഷണശ്രമങ്ങളോ ഇതിനകം നടന്നുകഴിഞ്ഞു. ചൂരല്‍മല ടൗണിലെ ഇബ്രാഹിമിന്റെ വീട്ടിലും ശനിയാഴ്ച പകല്‍ മോഷണശ്രമം നടന്നു. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. ദുരന്തമുണ്ടായതിനുപിന്നാലെ ഇബ്രാഹിമും കുടുംബവും വീടൊഴിഞ്ഞ് ദുരിതാശ്വാസക്യാമ്പിലാണ്. വീട്ടിലെ പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി രാവിലെ വീട്ടിലെത്തിയപ്പോള്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയിലേക്ക് പോയി ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. വില്ലേജ് ഓഫീസ് പരിസരത്തെ കൂരിമണ്ണില്‍ സലീമിന്റെ വീട്ടിലും മോഷണശ്രമമുണ്ടായി. ചെളികയറി നാശമായ വീട്ടിനുള്ളിലെ അലമാര പൊളിച്ച് ഉള്ളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണ്.
അതേസമയം, തിരച്ചിലിനിടെ കണ്ടെത്തുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം രക്ഷാപ്രവര്‍ത്തകര്‍ അധികൃതരെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഡിസാസ്റ്റര്‍ ടൂറിസം വേണ്ടെന്ന മുന്നറിയിപ്പുനല്‍കുന്ന പോസ്റ്റുകള്‍ പോലീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
62 Less than a minute