BREAKINGENTERTAINMENTKERALA

നടിയെ ഇടവേള ബാബുവിന്റെ ഫ്‌ലാറ്റില്‍ എത്തിച്ച് പരിശോധന; രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണസംഘം

കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ഇടവേള ബാബുവിന്റെ ഫ്‌ലാറ്റില്‍ പോലീസ് പരിശോധന നടത്തി. ഇവിടെനിന്ന് രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തില്‍നിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്‌ലാറ്റിലെത്തിച്ചായിരുന്നു പരിശോധന.
ഫ്‌ലാറ്റിന്റെ താക്കോല്‍ ഇടവേള ബാബു നല്‍കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണസംഘത്തിന്റെ നടപടി. അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കാനായി ഫ്‌ലാറ്റിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം.
അതേസമയം, പീഡന പരാതിയില്‍ ഇടവേള ബാബുവിന് കഴിഞ്ഞദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഈ നടപടിക്കെതിരേ അപ്പീല്‍ പോകാനുള്ള ആലോചനയിലാണ് അന്വേഷണസംഘം.
അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട് ഇടവേള ബാബു നടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തത്. പ്രത്യേകാന്വേഷണ സംഘത്തിന് മുന്‍പാകെ നടി പരാതി നല്‍കിയിരുന്നു. ഏഴ് പരാതികളായിരുന്നു നടി നല്‍കിയത്. ഇതില്‍ ഒന്ന് ഇടവേള ബാബുവിനെതിരേയായിരുന്നു.
പ്രത്യേകാന്വേഷണ സംഘം മൊഴി ഏഴ് കവറുകളിലാക്കി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് ഇടവേള ബാബുവിനെതിരേ കേസെടുക്കുകയായിരുന്നു.
തന്നോട് മോശമായി പെരുമാറിയെന്നും അമ്മയിലെ അംഗത്വത്തിന് വേണ്ടി പല കാര്യങ്ങള്‍ക്കും വഴങ്ങേണ്ടിവരുമെന്ന് ഇടവേള ബാബു പറഞ്ഞുവെന്നും നടി ആരോപിച്ചിരുന്നു. പൊതുഇടത്തില്‍ വെളിപ്പെടുത്താനാകാത്ത കാര്യങ്ങള്‍കൂടി അന്വേഷണ സംഘത്തിന് മുമ്പില്‍ വെളിപ്പെടുത്തിയതായാണ് വിവരം. ഇതെല്ലാം ചേര്‍ത്താണ് ഇടവേള ബാബുവിനെതിനെതിരേ പോലീസ് കേസെടുത്തത്.

Related Articles

Back to top button