ചെന്നൈ: തെലുങ്ക് ജനതയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ നടി കസ്തൂരിക്ക് മുന്‍കൂര്‍ജാമ്യമില്ല. മദ്രാസ് ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. തെലുങ്ക് ജനതയ്ക്കെതിരെ നടിയും തമിഴ്‌നാട്ടിലെ
ബിജെപി നേതാവുമായ കസ്തൂരി നടത്തിയ പരാമര്‍ശം വിവാദത്തിലായിരുന്നു. 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജാവിന്റെ അന്തപുരത്തില്‍ സേവ ചെയ്യാനായി എത്തിയ സ്ത്രീകളുടെ പിന്തുടര്‍ച്ചക്കാരാണ് തമിഴ്‌നാട്ടില്‍ തെലുങ്ക് സംസാരിക്കുന്ന ആളുകള്‍ എന്നായിരുന്നു പരാമര്‍ശം.
തമിഴ്‌നാട്ടിലെ ബ്രാഹ്‌മണരുടെ സുരക്ഷ ഉറപ്പാക്കണം എന്നവശ്യപ്പെട്ട് ഹിന്ദു മക്കള്‍ കക്ഷി സംഘടിപ്പിച്ച പൊതുയോഗത്തില്‍ ആണ് കസ്തുരി വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം പിന്‍വലിച്ച് കസ്തൂരി മാപ്പ് പറയണമെന്ന് തമിഴ്‌നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകര്‍ റെഡ്ഢി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ വസ്തുതകള്‍ ആണ് പറഞ്ഞതെന്നും തമിഴ് പറഞ്ഞു വോട്ടു തേടുന്നവരുടെ ചരിത്രം ഓര്‍മിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ എന്നും കസ്തൂരി വിശദീകരിച്ചു. കസ്തൂരിക്കെതിരെ വിവിധ വനിത സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.