BREAKINGKERALA

നിധിന്‍ അഗര്‍വാളിന് തിരിച്ചടി; വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയെ ഡിജിപിയാക്കി, നിയമ പ്രശ്‌നമാകാന്‍ സാധ്യത

തിരുവനന്തപുരം: വിജിലന്‍സിന്റെ പുതിയ മേധാവിയായി ചുമതലയേറ്റ എഡിജിപി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി. ബിഎസ്എഫ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയ നിധിന്‍ അഗര്‍വാള്‍ കേരളത്തിലേക്ക് എത്താത്ത സാഹചര്യത്തിലാണ് സ്ഥാന കയറ്റം നല്‍കിയത്. സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന ആകെ നാല് ഡിജിപി പദവിയില്‍ ഒന്ന് ഇതോടെ യോഗേഷ് ഗുപ്തയ്ക്ക് ലഭിച്ചു.
എന്നാല്‍ നിധിന്‍ അഗര്‍വാള്‍ അവധി കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയെത്തിയാല്‍ യോഗേഷിന്റെ സ്ഥാനക്കയറ്റം നിയമ പ്രശ്‌നമായി മാറാന്‍ സാധ്യതയുണ്ട്. വിജിലന്‍സ് ഡയറക്ടറായിരുന്ന ടികെ വിനോദ് കുമാര്‍ സ്വയം വിരമിച്ചതിനെ തുടര്‍ന്ന് നാല് ദിവം മുന്‍പാണ് യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറായത്. മുന്‍പ് ഇഡിയിലും സിബിഐയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നിതിന്‍ അഗര്‍വാള്‍. എന്നാല്‍ കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ച് അദ്ദേഹം ബിഎസ്എഫ് മേധാവി സ്ഥാനത്ത് തുടര്‍ന്നു. ഇതോടെയാണ് ഷെയ്ക്ക് ദര്‍വേസ് ഡിജിപിയായത്. ജമ്മുവിലെ നുഴഞ്ഞുകയറ്റം തടയാന്‍ സാധിക്കാതെ വന്നതും പിന്നാലെ സംഘര്‍ഷം രൂക്ഷമായി നിരവധി ജവാന്മാര്‍ വീരമൃത്യു വരിക്കുകയും ചെയ്തതോടെയാണ് ബിഎസ്എഫ് മേധാവി നിതിന്‍ അഗര്‍വാളിനെ നീക്കികൊണ്ടുള്ള കേന്ദ്രത്തിന്റെ അസാധാരണ നീക്കം ഉണ്ടായത്. ഇതോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന നിധിന്‍ അഗര്‍വാളിന് ഡിജിപി സ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ ഇനി മടങ്ങിവരുമ്പോള്‍ അദ്ദേഹത്തിന് സ്ഥാനം ലഭിക്കുമോയെന്നതാണ് സംശയം.

Related Articles

Back to top button