BREAKINGKERALA

നിലമ്പൂരിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ നിരാശരാക്കില്ല, ചില പുഴുക്കളോട് മാത്രമേ എതിര്‍പ്പുള്ളൂ- അന്‍വര്‍

മലപ്പുറം: നിലമ്പൂരിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ നിരാശരാക്കുന്ന ഒരു വാക്കുപോലും തന്നില്‍നിന്നുണ്ടാകില്ലെന്ന് ഇടത് എംഎല്‍എ പി.വി.അന്‍വര്‍. ചില പുഴുക്കളോട് മാത്രമേ എതിര്‍പ്പുള്ളൂ. പാര്‍ട്ടിയോടോ സഖാക്കളോടോ അതുണ്ടാകില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. പരസ്യപ്രതികരണത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന് സിപിഎം ആവശ്യപ്പെട്ടിരിക്കെ വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നറിയിച്ചതിന് പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെയുള്ള അന്‍വറിന്റെ പ്രതികരണം.
‘ഞാന്‍ ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല’ എന്ന് അന്‍വര്‍ പ്രസ്താവന നടത്തിയതായി സ്വകാര്യ ചാനലിന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയാണ് അന്‍വറിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം.
‘അങ്ങനെ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവര്‍ത്തിച്ചവരാണ് നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍. അതില്‍ ഒരാളെ പോലും തള്ളിപ്പറയാന്‍ എനിക്ക് കഴിയില്ല. അവരോട് അന്നും ഇന്നും ഞാന്‍ അത്രമേല്‍ കടപ്പെട്ടിരിക്കുന്നു. അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും പി.വി. അന്‍വറില്‍നിന്ന് ഉണ്ടാവില്ല. ചില പുഴുക്കളോടേ എതിര്‍പ്പുള്ളൂ. പാര്‍ട്ടിയോടോ, സഖാക്കളോടോ അതില്ല. ഉണ്ടാവുകയുമില്ല. വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങള്‍ ഇല്ലാതാവില്ല’, അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലുമുള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കില്‍ നീ തീയാവുക എന്നാണല്ലോ.. എന്ന് പറഞ്ഞുകൊണ്ടാണ് അന്‍വര്‍ ഇന്ന് വൈകീട്ട് 4.30ന് മാധ്യമങ്ങളെ കാണുമെന്നറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അന്‍വറിനെ തള്ളിയിരുന്നു. അന്‍വറിന്റെ പരാതി പരിശോധിക്കുമെന്ന് പറയുമ്പോള്‍തന്നെയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ശശിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് അന്‍വര്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

Related Articles

Back to top button