നടൻ ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര കോടതി നിർദേശിച്ചു. ‘പഞ്ചാബി ഹൗസ്’ എന്ന പേരിൽ നിർമ്മിച്ച വീടിൻ്റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. ഇതോടെ ഹരിശ്രീ അശോകൻ കോടതിയെ സമീപിക്കുകയായിരുന്നു.ഉല്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്പന്നത്തിന്‍റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്‍റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നത് അടക്കമുള്ള നിലപാടാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു.
എന്നാൽ ഇൻവോയ്‌സും വാറന്‍റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവൃത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി.