BREAKINGNATIONALNEWS
Trending

പശ്ചിമ ബംഗാള്‍ ട്രെയിനപകടത്തില്‍ മരണസംഖ്യ ഉയരുന്നു: 15 പേരുടെ മരണം സ്ഥിരീകരിച്ചു, 60 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 60-ഓളം പേര്‍ക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ വ്യക്തമാക്കി.
അപകടത്തില്‍ ചരക്കുതീവണ്ടിയുടെ ലോക്കോ പാലറ്റും കാഞ്ചന്‍ജംഗ എക്‌സ്പ്രസിലെ ഗാര്‍ഡും ഉള്‍പ്പെടെ 15 പേര്‍ മരിച്ചതായാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്ന് പശ്ചിമ ബംഗാളിലെ സെല്‍ഡയിലേക്ക് സര്‍വീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയായിരുന്നു. ചരക്കു തീവണ്ടി സിഗ്‌നല്‍ മറികടന്ന് പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ന്യൂ ജല്‍പായ്ഗുഡി സ്റ്റേഷനില്‍നിന്ന് യാത്രയാരംഭിച്ച എക്‌സ്പ്രസ് സിലിഗുരിക്ക് സമീപം രംഗപാണി സ്റ്റേഷനടുത്തുവെച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളംതെറ്റി. ദേശീയ ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ബംഗാളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഡാര്‍ജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികള്‍ ട്രെയിലെ യാത്രക്കാരായിരുന്നെന്നാണ് സൂചന. ഗുവഹാത്തി, സെല്‍ഡ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള ഹെല്‍പ്പലൈന്‍ നമ്പറുകളും റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button