കൊല്ലം: കൊല്ലം ആശ്രാമത്ത് സൈക്കിള്‍ യാത്രികനായ വയോധികന്‍ അപകടത്തില്‍ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍. റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ പാപ്പച്ചന്റെ നിക്ഷേപതുക തട്ടിയെടുക്കാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായ യുവതി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. വെറും അപകട മരണമാണെന്ന് എഴുതിത്തള്ളിയ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത് പൊലീസിന്റെ തുടരന്വേഷണത്തിലാണ്. കൊലപാതകത്തില്‍ ബ്രാഞ്ച് മാനേജര്‍ സരിത, അക്കൗണ്ടന്റ് അനൂപ് എന്നിവരടക്കം 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ് 23നാണ് കൊല്ലം ആശ്രാമം റോഡിലൂടെ സൈക്കിളില്‍ പോവുകയായിരുന്ന പാപ്പച്ചന്‍ കാറിടിച്ച് മരിച്ചത്. അപകട മരണമെന്ന് എഴുതി തളളുമായിരുന്ന സംഭവത്തില്‍ പാപ്പച്ചന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പാപ്പച്ചന്റെ പേരിലുള്ള 80 ലക്ഷത്തോളം രൂപയുടെ നിക്ഷേപം തട്ടിയെടുക്കാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായ സരിത കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. പാപ്പച്ചന്റെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷത്തോളം രൂപ സരിത പിന്‍വലിച്ചിരുന്നതായും പൊലീസ് പറയുന്നു.
ക്വട്ടേഷന്‍ ഏറ്റെടുത്ത സ്ഥിരം കുറ്റവാളി അനിമോന്‍ പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്തി. പാപ്പച്ചന്റെ അക്കൗണ്ടില്‍ നിന്നുതന്നെയാണ് അനിമോനുള്ള ക്വട്ടേഷനുള്ള പണം നല്‍കിയതും. പ്രതികളുടെയും പാപ്പച്ചന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കേസില്‍ നിര്‍ണായകമായി. ബ്രാഞ്ച് മാനേജരായ സരിതയും അക്കൗണ്ടന്റ് അനൂപും ചേര്‍ന്നാണ് എല്ലാം ആസൂത്രണം ചെയ്തത്. സരിത, അനൂപ്, ക്വട്ടേഷനെടുത്ത അനിമോന്‍, ഇയാളുടെ സുഹൃത്ത് മാഹീന്‍, കാര്‍ വാടകയ്‌ക്കെടുത്ത ഹാഷിഫ് എന്നിവരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
54 1 minute read