കണ്ണൂര്‍: പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത തള്ളി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ. തന്റേതെന്ന പേരില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ലെന്ന് ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. കണ്ണൂര്‍ എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ദിവ്യയെ സി.പി.എം. തരംതാഴ്ത്തിയിരുന്നു.
‘എന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാന്‍ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെത്തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവന്ന രീതി. അത് തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നു’, ദിവ്യ കുറിച്ചു.
ജില്ലാ കമ്മിറ്റി അംഗമായ തന്നെ തരംതാഴ്ത്തിയത് തന്റെ ഭാഗം കേള്‍ക്കാതെയാണ് എന്നതാണ് അതൃപ്തിക്കിടയാക്കിയതെന്നാണ് ദിവ്യയുമായി ബന്ധപ്പെട്ട നേതാക്കള്‍ വിശീദകരിച്ചത്. വെള്ളിയാഴ്ച വീട്ടിലെത്തിയശേഷം ദിവ്യ നേതാക്കളെ ഫോണില്‍ വിളിച്ച് തന്റെ അതൃപ്തി അറിയിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത.
55 Less than a minute