പാലക്കാട്: വയനാട്, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ പ്രകമ്പനം ഉണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാലക്കാട് ജില്ലയിലും സമാന പ്രകമ്പനം ഉണ്ടായതായി വിവരം. പാലക്കാട് ഒറ്റപ്പാലം മേഖലയില്‍ ഇടിവെട്ടുന്നത് പോലെ ശബ്ദം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ഒറ്റപ്പാലം നഗരസഭയിലെ പനമണ്ണ, വീട്ടാപ്പാറ, ലക്കിടി എന്നീ മേഖലയിലാണ് രാവിലെ 10.30-ഓടെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നത്. പ്രകമ്പനം പോലെ അനുഭവപ്പെട്ടതായും പറയുന്നു. കോതക്കുറുശ്ശി, വാണിയങ്കുളം, പനയൂര്‍ തുടങ്ങിയ മേഖലകള്‍ വരെ ശബ്ദമുണ്ടായതായി പറയുന്നു. എന്നാല്‍ ഈ പ്രദേശത്ത് പ്രകമ്പനം ഉണ്ടായതായി വിവരമില്ല.
ആദ്യം എന്താണ് സംഭവിക്കുന്നത് മനസ്സിലായില്ല. തുടര്‍ന്ന് മാധ്യമങ്ങളില്‍ കൂടി വയനാട്ടിലെ പ്രകമ്പന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇതിന്റെ ഭാഗമായിട്ടുള്ള തുടര്‍ച്ച ആയിരിക്കാം പാലക്കാടും ഉണ്ടായിട്ടുള്ളത് എന്ന് പ്രദേശവാസികള്‍ കരുതുന്നത്.
അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.നേരത്തെ വയനാട്, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളില്‍ പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പാലക്കാട് നിന്നും സമാനമായ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
മലപ്പുറം എടപ്പാളില്‍ നിന്നും സമാനമായ ശബ്ദങ്ങള്‍ കേട്ടതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. തൃശ്ശൂര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന എടപ്പാള്‍ ഭാഗത്താണ് ശബ്ദം കേട്ടതായി പ്രദേശവാസി പറയുന്നത്. രാവിലെ 10.30ഓടെയാണ് സംഭവം. വീടിന് മുകളില്‍ എന്തോ പതിക്കുന്നതായുള്ള ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.
85 1 minute read