പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാർ അമിതവേഗത്തിൽ ലോറിയിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങൾ. ഇന്നലെ രാത്രി 10.38 ഓടുകൂടിയാണ് അപകടം സംഭവിക്കുന്നത്. ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ അഞ്ചു പേരാണ് മരിച്ചത്. മരിച്ചവർ സുഹൃത്തുക്കളായിരുന്നു.ഇടയ്ക്ക് ഇവർ ഒരുമിച്ച് യാത്ര ചെയ്യാറുണ്ട്. ഇങ്ങനെ യാത്ര പോയപ്പോഴാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്‌സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31), മഹേഷ് തച്ചമ്പാറ എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കോങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ. കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. വടകക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടതെന്ന് കല്ലടിക്കോട് എസ്എച്ച്ഒ പറഞ്ഞു.കാർ അമിതവേഗത്തിലായിരുന്നുവെന്ന് എസ്എച്ച്ഒ എം ഷഹീർ പറഞ്ഞിരുന്നു. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ പോസ്റ്റ്മോർട്ടം പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കും. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
63 Less than a minute