BREAKINGKERALA
Trending

പീഡനക്കേസ് പ്രതി 10 കൊല്ലമായി കോച്ച്, കെസിഎ ഒന്നുമറിഞ്ഞില്ലേ- കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍, നോട്ടീസ്

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ മനു പീഡിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസയച്ചു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെ.സി.എ. വിശദീകരിക്കണമെന്ന് നോട്ടീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) തിരുവനന്തപുരത്തെ പരിശീലകനായിരുന്നു മനു.
പീഡന കേസില്‍ പ്രതിയായ മനു കഴിഞ്ഞ 10 വര്‍ഷമായി കെ.സി.എയില്‍ കോച്ചാണ്. തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാള്‍ പോക്‌സോ കേസില്‍ റിമാന്‍ഡിലാണ്. കുട്ടികളുടെ നഗ്‌നചിത്രം ഇയാള്‍ പകര്‍ത്തിയെന്നും ആരോപണമുണ്ട്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മര്‍ദ്ദത്തിലാണ്. എന്നാല്‍ ഇതൊന്നും കെ.സി.എ. അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെണ്‍കുട്ടി പരാതിയുമായി വന്നതോടെ കൂടുതല്‍ കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു. ദ്യശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മിഷന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് മനു. ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയില്‍ തുടരുകയായിരുന്നു.
മൂന്നാഴ്ച മുന്‍പ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് മനുവിനെതിരേ പുതിയ പരാതിവന്നത്. പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി. ആറ് പെണ്‍കുട്ടികളാണ് നിലവില്‍ മനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോക്സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Related Articles

Back to top button