BREAKINGKERALA
Trending

പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും തിരച്ചില്‍ അനിശ്ചിതത്വത്തില്‍; കളക്ടറെ കാണാന്‍ അര്‍ജുന്റെ കുടുംബം

കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് ഷിരൂരിലെത്തി കളക്ടറെ ആശങ്ക അറിയിക്കാന്‍ കുടുംബം.
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്നില്ലെന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചു. ചൊവ്വാഴ്ച കളക്ടറെ കാണാനാണ് കുടുംബത്തിന്റെ ശ്രമം. പുഴയില്‍ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ തിരച്ചില്‍ തുടങ്ങിയില്ലെങ്കില്‍ കുടുബാംഗങ്ങള്‍ ഒന്നിച്ച് ഷിരൂരില്‍ എത്തി പ്രതിഷേധിക്കുമെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി.
അതേസമയം, ഷിരൂരില്‍ തിരച്ചില്‍ നടക്കുന്നില്ലെന്നും പുഴയില്‍ തിരച്ചിലിനായി എത്തിയ ഈശ്വര്‍ മാല്‍പ്പയെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നും കഴിഞ്ഞ ദിവസം കുടുംബം ആരോപണമുന്നയിച്ചു.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം നദിക്കടിയില്‍ ലോറിയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് ലോറിക്കരികിലെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് നദിയിലെ അടിയൊഴുക്ക് കുറയുന്നതുവരെ തിരച്ചില്‍ താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

Related Articles

Back to top button