സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ പെട്ടിമുടി ഉരുൾപൊട്ടൽ ഉണ്ടായിട്ട് വർഷം നാലുകഴിഞ്ഞെങ്കിലും മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇപ്പോഴും ലഭിച്ചിട്ടില്ല.കേരള സർക്കാർ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയും, തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച മൂന്നുലക്ഷവും ഇരകളുടെ ബന്ധുക്കൾക്ക് നൽകിയിരുന്നു. കാണാതായവരുൾപ്പെടെ 70 പേരുടെയും ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകി. 2020 ആഗസ്റ്റ് ആറിന് രാത്രിയാണ് രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടി തൊഴിലാളി ലയങ്ങൾ തകർന്ന് 70 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തത്.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഉരുൾപൊട്ടലിൽ മക്കളായ നിതീഷ് കുമാറിനെയും ദിനേശ് കുമാറിനെയും നഷ്ടപ്പെട്ട ഷൺമുഖനാഥൻ ‘ദി ഹിന്ദു’വിനോട് പറഞ്ഞത്. ‘ കേരള, തമിഴ്‌നാട് സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായം ഞങ്ങൾക്ക് ലഭിച്ചു. ആവർത്തിച്ച് ശ്രമിച്ചിട്ടും കേന്ദ്രർസക്കാർ പ്രഖ്യാപിച്ച ധനസഹായം ഞങ്ങൾക്ക് ലഭിച്ചില്ല’അദ്ദേഹം പറഞ്ഞു.ദുരന്തത്തിന് പിന്നാലെ അധികൃതർ തിരച്ചിൽ അവസാനിപ്പിച്ചശേഷവും ദിനേശ് കുമാറിനായി ഷൺമുഖനാഥൻ ഒറ്റയ്ക്ക് സ്വന്തം നിലയിൽ തെരച്ചിൽ നടത്തിയിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്ത് കിലോമീറ്ററുകൾ സഞ്ചരിച്ചായിരുന്നു തെരച്ചിൽ. ഇത് വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. മൂന്നാറിൽ താമസിച്ചിരുന്ന ഷൺമുഖത്തിന്റെ മക്കൾ പെട്ടിമുടിയിലുള്ള വല്യച്ഛന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു ദുരന്തം.
122 Less than a minute