BREAKINGKERALA
Trending

പോലീസിലെ സംഘപരിവാര്‍ അനുകൂലികള്‍ക്ക് ഊര്‍ജം പകരുന്നത് ആഭ്യന്തരവകുപ്പ്; വിമര്‍ശനവുമായി കാന്തപുരം വിഭാഗം

കോഴിക്കോട്: കേരള പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരേ രൂക്ഷവിമര്‍ശനവുമായി സുന്നി കാന്തപുരം വിഭാഗം മുഖപത്രം സിറാജ്. കേരള പോലീസിന്റെ പല നടപടികളിലും ആര്‍.എസ്.എസ് വിധേയത്വം പ്രകടമാണെന്നും ആഭ്യന്തര വകുപ്പിന്റെ ആര്‍ജവമില്ലായ്മയാണ് പോലീസിലെ സംഘപരിവാര്‍ അനുകൂലികള്‍ക്ക് ഊര്‍ജം പകരുന്നതെന്നും ‘സിറാജ്’ മുഖപ്രസംഗത്തില്‍ ആരോപിച്ചു. ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ എത്ര പരാതികള്‍ ഉയര്‍ന്നാലും കേസ് ചാര്‍ജ് ചെയ്യുന്നത് അപൂര്‍വമാണെന്നും അഥവാ നിയമനടപടികള്‍ സ്വീകരിച്ചാല്‍ തന്നെ പ്രതികളെ മാനസികരോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകള്‍ അട്ടിമറിക്കും.
അതേസമയം, സംഘപരിവാര്‍ വിരുദ്ധ നിലപാടുകാരായ സാമൂഹിക- രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ന്യൂനപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കുമെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്, നിരന്തരം വിദ്വേഷപ്രസംഗം നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ ലഭിച്ച പരാതികളില്‍ ഒന്നില്‍ പോലും നിയമനടപടി സ്വീകരിക്കാത്തത് തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ ബിജെപി പ്രവേശത്തിന്റെ പശ്ചാത്തലത്തിലാണ് സിറാജിലെ മുഖപ്രസംഗം.
നിയമനടപടികളില്‍ സംഘപരിവാര്‍ വിധേയത്വം കാണിക്കുക മാത്രമല്ല, അതീവ രഹസ്യമായ ഫയലുകളടക്കം പോലീസ് വകുപ്പിലെ പല രഹസ്യ തീരുമാനങ്ങളും സേനയിലെ ആര്‍.എസ്.എസ് സെല്‍, സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘപരിവാര്‍ അനുകൂലികളായ പോലീസുകാരെ കണ്ടെത്തി വിവരം നല്‍കാന്‍ ആഭ്യന്തരവകുപ്പ് പോലീസ് മേധാവികളോട് ആവശ്യപ്പെടുകയുമുണ്ടായി. ശബരിമല വിവാദ കാലത്ത് ക്ഷേത്രപ്രവേശനത്തിനായി സ്ത്രീകള്‍ എത്തുന്ന വിവരം മറ്റുള്ളവര്‍ക്ക് മുമ്പേ ആര്‍.എസ്.എസുകാര്‍ക്കു ലഭിച്ചത് പോലീസില്‍ നിന്നായിരുന്നല്ലോ.
സാധാരണഗതിയില്‍ പോലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന പരാതിയാണ് ഉയരാറുള്ളത്. എന്നാല്‍ കേരള പോലീസ് ഭരണപക്ഷത്തിന്റെ കടുത്ത വിരോധികളായ ആര്‍ എസ് എസിന്റെ ഉപകരണമായി മാറുന്നുവെന്നാണ് പരാതി. ഭരണകക്ഷിയെ എതിര്‍ക്കുന്നവര്‍ മാത്രമല്ല, ഭരണപക്ഷത്തെ സി.പി.ഐ ഉള്‍പ്പെടെ ഈ ആരോപണമുന്നയിക്കുന്നു. പാര്‍ട്ടി യോഗങ്ങളില്‍ സി.പി.എമ്മുകാരില്‍ നിന്നും ഉയരുന്നുണ്ട് ഈ പരാതിയെന്നാണ് വിവരം.
അത്രയും ശക്തമാണ് പോലീസിലെ ആര്‍.എസ്.എസ് സ്വാധീനം. സര്‍വീസ് കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടും അത് ലംഘിച്ചും ഔദ്യോഗിക സ്വാധീനം ഉപയോഗപ്പെടുത്തിയും ഒരു വിഭാഗം കാവിവത്കരണ പരിപാടികള്‍ ഊര്‍ജിതമായി നടത്തുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ ആര്‍ജവമില്ലായ്മയാണ് പോലീസിലെ സംഘപരിവാര്‍ അനുകൂലികള്‍ക്ക് ഊര്‍ജം പകരുന്നത്, മുഖപ്രസംഗം ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരേ രൂക്ഷവിമര്‍ശനവുമായി കാന്തപുരം വിഭാഗം നേരത്തേരംഗത്ത് എത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണം ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തില്‍ സി.പി.എം വീണുവെന്നായിരുന്നു എസ്.എസ്.എഫ് മുഖപത്രമായ രിസാല വാരികയുടെ മുഖപ്രസംഗത്തില്‍ ആരോപിച്ചത്. പിണറായി വിജയന്‍ ആരുടെ പി.ആര്‍ ഏജന്‍സി എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് കാന്തപുരം വിഭാഗം ലേഖനത്തില്‍ കുറ്റപ്പെടുത്തി. എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചകളെ സി.പി.എം നിസാരവത്കരിക്കുന്നുവെന്ന് പറയുന്ന ലേഖനത്തില്‍ എ.ഡി.ജി.പി എം.ആര്‍.അജിത്ത് കുമാറിനെതിരേ നടപടി സ്വീകരിക്കാത്തത് എന്തിന്റെ തെളിവാണെന്നും ചോദിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തില്‍ സിപിഎമ്മിന് ഉത്തരമില്ല. അഭിമുഖം ബി.ജെ.പിക്ക് ഗുണകരമായ രീതിയില്‍ പ്രചരിച്ചു. മലപ്പുറത്തെ ക്രിമിനല്‍ തലസ്ഥാനമാക്കാനുള്ള ഹിന്ദുത്വവര്‍ഗീയ സംഘങ്ങളുടെ പദ്ധതി ഇടതുപക്ഷത്തിന്റെ ചെലവില്‍ നടപ്പിലാക്കി. പൊലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്ന ക്യാപ്‌സ്യൂളാണ് മുഖ്യമന്ത്രി ഉരുവിടുന്നത്. പൊലീസ് ഭാഷ്യങ്ങളെ മുഴുവന്‍ വെള്ളം തൊടാതെ മുഖ്യമന്ത്രി നിരന്തരം ന്യായീകരിക്കുന്നു എന്നിങ്ങനെ ആയിരുന്നു ലേഖനത്തിലെ വിമര്‍ശനങ്ങള്‍.

Related Articles

Back to top button