കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ ഇളയ മകന്‍ സുഭാഷ് ചടയന്‍ കണ്ണൂര്‍ കമ്പില്‍ ടൗണില്‍ ഹോട്ടല്‍ നടത്തുകയാണെന്ന ഇടതുസൈബര്‍ ഇടങ്ങളിലെ പ്രചാരണങ്ങളില്‍ പ്രതികരണവുമായി സുഭാഷ് ചടയന്‍. കോവിഡ് കാലത്ത് സുഹൃത്തിനൊപ്പം ഹോട്ടല്‍ തുടങ്ങിയ കാലത്ത് ആരോ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും കോവിഡിന് ശേഷം ബിസിനസ് അവസാനിപ്പിച്ച് ചെന്നൈയിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും അടിയുറച്ച സിപിഎം പ്രവര്‍ത്തകനാണെന്നും പഴയ ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ആണെന്നും സുഭാഷ് വ്യക്തമാക്കി.
ദേശാഭിമാനിയില്‍ തനിക്ക് ജോലി തന്നതില്‍ അച്ഛന് വ്യക്തിപരമായി വിയോജിപ്പുണ്ടായിരുന്നു. ആറുമാസത്തിനുശേഷം ദേശാഭിമാനിയിലെ ജോലി വിട്ടു. ഏറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തു. പിന്നീട് ചെന്നൈയില്‍ ട്രാവല്‍ ഏജന്‍സിയില്‍ ആയിരുന്നു ജോലി. കോവിഡ് കാലത്ത് ട്രാവല്‍ ഏജന്‍സി പൂട്ടിയതോടെ നാട്ടിലെത്തുകയും ശേഷം സുഹൃത്ത് സന്തോഷുമായി ചേര്‍ന്ന് ഹോട്ടല്‍ ആരംഭിക്കുകയും ചെയ്തു. കോവിഡിന് ശേഷം ഹോട്ടല്‍ ബിസിനസ് അവസാനിപ്പിച്ച് ചെന്നൈയിലേക്ക് മടങ്ങി. നിലവില്‍ ചെന്നൈ അമ്പത്തൂരിലെ സൈബര്‍ പാര്‍ക്കിലുള്ള ഫുഡ് കോര്‍ട്ടില്‍ സൂപ്പര്‍വൈസറായിട്ട് ജോലി ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനിയുടെ കണ്ണൂര്‍ എഡിഷന്‍ ആരംഭിച്ച സമയത്ത് സുഭാഷിന് ഇവിടെ ജോലി നല്‍കിയിരുന്നുവെന്നും ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉണ്ടായതോടെ മകനോട് ജോലി മതിയാക്കാന്‍ ചടയന്‍ ആവശ്യപ്പെട്ടെന്നും പിന്നാലെ സുഭാഷ് കമ്പില്‍ ടൗണില്‍ ഹോട്ടല്‍ ആരംഭിച്ചു എന്നുമാണ് സൈബര്‍ ഗ്രൂപ്പുകളിലെ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു പ്രചാരണം.
58 1 minute read