BREAKINGNATIONAL

‘പ്രതികളില്‍ 2 പേര്‍ക്ക് ഐഎസുമായി ബന്ധം, ബിജെപി ഓഫീസും ലക്ഷ്യമിട്ടിരുന്നു’; രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ കുറ്റപത്രം

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. മുസ്സവിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ, മാസ് മുനീര്‍ അഹമ്മദ്, മുസമ്മില്‍ ഷരീഫ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. പ്രതികള്‍ ബെംഗളൂരുവിലെ ബിജെപി ഓഫീസ് ലക്ഷ്യമിട്ടിരുന്നു എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ബെംഗളൂരുവിലെ ബിജെപി ഓഫീസില്‍ അയോധ്യയിലെ പ്രതിഷ്ഠാദിനം ബോംബ് സ്‌ഫോടനം നടത്താന്‍ പ്രതികള്‍ ശ്രമിച്ചെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. അന്ന് ബോംബ് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല, കൃത്യം നടത്താനാകാതെ പ്രതികള്‍ മടങ്ങി. പിന്നീടാണ് ബ്രൂക്‌സ് ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടത്തിയതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
ഡാര്‍ക് വെബ് വഴിയാണ് പ്രതികള്‍ വ്യാജ ഐഡി ഉണ്ടാക്കിയത്. ഇന്ത്യന്‍ സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും വ്യാജ പേരില്‍ ഉണ്ടാക്കിയാണ് പ്രതികള്‍ പണമിടപാട് നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇവര്‍ക്ക് ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമേ ബംഗ്ലാദേശി ഐഡികളും ഉണ്ടായിരുന്നു. ഇവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള പണം ലഭിച്ചിരുന്നത് ക്രിപ്‌റ്റോ കറന്‍സികള്‍ വഴിയാണ്. ടെലിഗ്രാം വഴിയുള്ള പിടുപി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് പണം മറ്റ് കറന്‍സികളില്‍ നിന്ന് ഇന്ത്യന്‍ രൂപയാക്കി മാറ്റിയത്. പ്രതികളില്‍ രണ്ട് പേര്‍ ഐഎസുമായി ബന്ധമുള്ളവരാണ്. ഒന്നാം പ്രതി മുസ്സവിര്‍ ഹുസൈന്‍ ഷാസിബാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചത്. 2020-ല്‍ അല്‍-ഹിന്ദ് തീവ്രവാദ മൊഡ്യൂളിന്റെ അറസ്റ്റിന് ശേഷം അബ്ദുള്‍ മത്തീന്‍ താഹയോടൊപ്പം ഒളിവില്‍ പോയ ആളാണ് ഷാസിബെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായിട്ടാണ് താഹയും ഷാസിബും തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് എത്തിയത്. ശിവമൊഗ്ഗ സ്വദേശികളായ ഷാസിബും താഹയും ചേര്‍ന്നാണ് മാസ് മുനീറിനെയും മുസമ്മില്‍ ഷെരീഫിനെയും തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചത്. ബെംഗളൂരു ലഷ്‌കര്‍ മൊഡ്യൂള്‍ കേസിലെ പ്രതികളും കഫേ സ്‌ഫോടനക്കേസ് പ്രതികളും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സൗത്ത് ഇന്ത്യയിലെ ഐസിസ് അമീര്‍ എന്ന് അറിയപ്പെടുന്ന ഖാജ മൊഹിയിദ്ദീനുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 1-നാണ് ബെംഗളൂരുവിലെ വൈറ്റ് ഫീല്‍ഡിലുള്ള രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. കഫേയുടെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു.

Related Articles

Back to top button