BREAKING NEWSKERALA

‘പ്രധാനമന്ത്രി ആവാസ് യോജന’: നടത്തിപ്പിലെ പാളിച്ചകൊണ്ട് കേരളം നഷ്ടപ്പെടുത്തിയത് 195.82 കോടി

തിരുവനന്തപുരം: നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്ന ‘പ്രധാനമന്ത്രി ആവാസ് യോജന’ നടത്തിപ്പിലെ വീഴ്ചകാരണം കേന്ദ്രസഹായമായ 195.82 കോടി രൂപ നഷ്ടമായെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍.
2016-18 കാലയളവിലെ കേന്ദ്രസഹായമാണ് സമയബന്ധിതമായി പദ്ധതി നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തിന് നഷ്ടമായത്. 2016-17ല്‍ 32,559 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചത്. എന്നാല്‍, 13,326 വീടുകളാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഈ കാലയളവിലേക്ക് കേന്ദ്രവിഹിതമായി 121.90 കോടി രൂപ അനുവദിച്ചു. എന്നാല്‍, ഒന്നാംഘട്ടം കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തുടര്‍ന്നുള്ള കേന്ദ്രസഹായം നഷ്ടമായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതി നടത്തിപ്പില്‍ ഒട്ടേറെ പാളിച്ചകള്‍ സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും നിര്‍ദിഷ്ടമാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വീഴ്ചസംഭവിച്ചു. 42,431 വീടുകള്‍ നിര്‍മിക്കാനായിരുന്നു കേന്ദ്രപദ്ധതിയെങ്കിലും 2016-19 കാലയളവില്‍ 16,101 വീടുകള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍വെച്ചു.
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് തെറ്റുപിണഞ്ഞു. പട്ടികയില്‍പെടുത്തിയ 75,709 കുടുംബങ്ങളില്‍ 45,409 പേര്‍ അര്‍ഹതയില്ലാത്തവരായിരുന്നു. ഭൂരഹിതര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഭൂമി അനുവദിക്കേണ്ടിയിരുന്നു. ഇതിന് കാലതാമസം ഉണ്ടായതുകാരണം 5715 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി. പദ്ധതി നടത്തിപ്പില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നെങ്കിലും 580 വീടുകള്‍ പഞ്ചായത്തിന്റെയും തീരദേശപരിപാലന അതോറിറ്റിയുടെയും അനുമതിയില്ലാതെയാണ് നിര്‍മിച്ചത്.
കിടപ്പുരോഗികള്‍, പ്രായമായവര്‍ തുടങ്ങി അവശവിഭാഗത്തില്‍പെട്ടവര്‍ക്ക് പഞ്ചായത്തുകള്‍ വീട് വെച്ചുനല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് പഞ്ചായത്തുകള്‍ തയ്യാറാകാത്തതിനാല്‍ 393 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി. 275 വീടുകളില്‍ ശൗച്യാലയങ്ങള്‍, കുടിവെള്ളം, പാചകവാതകം, വൈദ്യുതി എന്നിവ ഇല്ലായിരുന്നു. ഈ സൗകര്യങ്ങള്‍ ഒരുക്കുന്ന മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി സംയോജിപ്പിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചപറ്റി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker