BREAKINGNATIONAL

ഫോണ്‍ നമ്പര്‍ മാറ്റി, അക്കൗണ്ട് നിയന്ത്രണത്തിലാക്കി; വൃദ്ധയുടെ 2.3 കോടി തട്ടിയ ആക്‌സിസ് ബാങ്ക് ജീവനക്കാരന്‍ പിടിയില്‍

കട്ടക്: വയോധികയെ കബളിപ്പിച്ച് 2.3 കോടി രൂപ തട്ടിയ ആക്സിസ് ബാങ്ക് റിലേഷന്‍ഷിപ്പ് മാനേജര്‍ പിടിയില്‍. ക്രൈംബ്രാഞ്ച് സൈബര്‍ ക്രൈം വിഭാഗമാണ് ഖിരോദ് നായക് എന്ന 39 കാരനെ അറസ്റ്റ് ചെയ്തത്. വയോധികയുടെ സ്ഥിരനിക്ഷേപ (എഫ്ഡി) അക്കൗണ്ടില്‍ നിന്ന് 2.3 കോടി രൂപ പിന്‍വലിച്ചെന്നാണ് കേസ്.
വയോധികയുടെ ഭര്‍ത്താവിന്റെ മരണശേഷം ഖിരോദ് നായകാണ് ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സഹായിച്ചിരുന്നത്. ബാങ്കിംഗ് നടപടി ക്രമങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാല്‍, വയോധിക മാനജേരെ ആശ്രയിച്ചിരുന്നു. പ്രതി ഇടയ്ക്ക് വയോധികയുടെ വീട്ടിലും പോകാറുണ്ടായിരുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് അക്കൌണ്ട് സ്റ്റേറ്റ്‌മെന്റ് എടുത്തു കൊടുക്കുകയും ചെയ്യാറുണ്ട്.
സേവിംഗ്‌സ് അക്കൗണ്ടിലെ പണം എഫ്ഡിയാക്കിയാല്‍ കൂടുതല്‍ പണം ലഭിക്കുമെന്ന് വയോധികയോട് മാനേജര്‍ പറഞ്ഞു. പല പേപ്പറുകളിലായി ഒപ്പ് വാങ്ങുകയും ചെയ്തു. വയോധിക അറിയാതെ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് തുറക്കുകയും ചെയ്തു. തന്റെ പേരില്‍ ഒഡി ലോണ്‍ എടുത്തിട്ടുണ്ടെന്ന് ബാങ്കില്‍ നിന്ന് വിളിച്ചപ്പോഴാണ് വയോധിക അറിഞ്ഞത്. വയോധികയുടെ ബാങ്ക് അക്കൌണ്ടിനൊപ്പം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റിയതായി കണ്ടെത്തി.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റി അക്കൌണ്ടിന്റെ നിയന്ത്രണം മാനേജര്‍ ഏറ്റെടുത്തതായി തെളിഞ്ഞു. മറ്റ് അക്കൌണ്ടുകളിലേക്ക് പണം മാറ്റിയെന്നും പരിചയക്കാരുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നതിനായി പണം ഉപയോഗിച്ചെന്നും കണ്ടെത്തി.
തുക വീണ്ടെടുക്കാനുള്ള ശ്രമം നടക്കുന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയില്‍ നിന്ന് 32 എടിഎം കാര്‍ഡുകള്‍, അഞ്ച് പാസ്ബുക്കുകള്‍, 37 ചെക്ക് ബുക്കുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ലാപ്ടോപ്പ്, ഒപ്പിട്ട ചെക്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

Related Articles

Back to top button