ചിതറ: കൊല്ലം ചിതറയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍നിന്ന് 17 പവന്‍ സ്വര്‍ണം കവര്‍ന്ന ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ആഡംബരജീവിതം നയിക്കാനാണ് മോഷണം നടത്തിയത് എന്നാണ് മുബീന പോലീസിന് നല്‍കിയ മൊഴി.
കഴിഞ്ഞ സെപ്റ്റംബര്‍ മുപ്പതിനാണ് മുബീനയുടെ ബന്ധുവിന്റെ വീട്ടില്‍ മോഷണം നടന്നത്. പത്ത് പവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, മുബീന വീട്ടിലെത്തി മടങ്ങിപ്പോകുന്നത് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണവിവരം വ്യക്തമായത്.
അന്ന് വീട്ടിലെത്തിയ മുബീന, ബന്ധുവീട്ടുകാര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോല്‍ കൈവശപ്പെടുത്തി. വീടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലയും കമ്മലും ഉള്‍പ്പെടെയുള്ളവ കവര്‍ന്നു. തുടര്‍ന്ന് വീട് പൂട്ടി മടങ്ങി. ദൃശ്യങ്ങള്‍ സഹിതം വീട്ടുടമ പരാതി നല്‍കിയതോടെ മുബീനയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സമാനമായ രീതിയില്‍ സുഹൃത്തിന്റെ വീട്ടിലും മുബീന മോഷണം നടത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ചിതറ സ്വദേശിനിയുടെ വീട്ടില്‍നിന്ന് ഏഴ് പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. മോഷ്ടിച്ച സ്വര്‍ണം, സ്വര്‍ണക്കടയില്‍ വിറ്റതിന്റെ രേഖയും പോലീസിന് ലഭിച്ചു. ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്ന മുബീനയുടെ ഭര്‍ത്താവ് ഈയടുത്താണ് വിദേശത്തേക്ക് പോയത്. കോടതിയില്‍ ഹാജരാക്കിയ മുബീനയെ റിമാന്‍ഡ് ചെയ്തു.
49 Less than a minute