ചെറുവത്തൂര്‍: സമ്മേളന കാലയളവില്‍ ബ്രാഞ്ച് പരിധിയിലുണ്ടായ സകലമാന സംഗതികളും ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്നാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇത്തരത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ കാര്യമായ ചര്‍ച്ച നടക്കാതെ വിഷയം വഴിമാറിപ്പോകുന്നുവെന്നതാണ് ഇത്തവണ ബ്രാഞ്ച് സമ്മേളനങ്ങളിലെ പ്രത്യേകത. ഇത് സമ്മേളനത്തിലേക്ക് മേല്‍ക്കമ്മിറ്റി പ്രതിനിധകളായെത്തുന്നവരെ കുഴപ്പിക്കുന്നു.
ഇ.പി. ജയരാജന്‍ തൊടുത്തുവിട്ട ചോദ്യങ്ങള്‍, പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ആരോപണങ്ങള്‍, പാര്‍ട്ടി സെക്രട്ടറിയുടെ ധാര്‍ഷ്ട്യം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വൈകാനുള്ള കാരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും സമ്മേളന പ്രതിനിധികളായെത്തിയവര്‍ ഉന്നയിക്കുന്നത്. മേല്‍ക്കമ്മിറ്റിയില്‍നിന്നുമെത്തിയവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിനെല്ലാം മേല്‍ക്കമ്മിറ്റിയില്‍നിന്നാണ് ഉത്തരം കിട്ടേണ്ടതെന്നും അത് പിന്നീട് വ്യക്തമാക്കുമെന്നാണ് മറുപടി. ഉന്നയിക്കുന്ന വിഷയങ്ങള്‍ മിക്കതും സമ്മേളനം തുടങ്ങുന്നതിന് തലേദിവസമാണ് പുറത്തുവന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാനതകളില്ലാത്ത തോല്‍വിയേറ്റിട്ടും സംസ്ഥാന സെക്രട്ടറിയുടെ അഹങ്കാരത്തിന് ഒരു കുറവുമില്ലെന്നാണ് ചെറുവത്തൂര്‍ ലോക്കലിലെ ഒരു ബ്രാഞ്ച് സമ്മേളനത്തിലെ പരാമര്‍ശം. ആരെങ്കിലും ആവശ്യപ്പെട്ടിട്ടാണോ ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റ് തുറന്നത്. പിന്നീട് ആര് പറഞ്ഞിട്ടാണ് അടച്ചത്. ഉത്തരം പറയാന്‍ പ്രയാസപ്പെട്ട മേല്‍ക്കമ്മിറ്റി പ്രതിനിധിയോട്, ഉത്തരം വേണ്ട. ചോദ്യം പിന്‍വലിക്കുന്നതായി ചോദ്യകര്‍ത്താവിന് പറയേണ്ടിവന്നു. തുരുത്തി കിഴക്ക് ലോക്കലിലെ ഒരു ബ്രാഞ്ച് സമ്മേളനത്തിലാണ് ഉന്നയിച്ചയാള്‍ ചോദ്യത്തില്‍നിന്ന് പിന്‍വാങ്ങിയത്.
ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റ് സമീപ പഞ്ചായത്തുകളിലെ സമ്മേളനങ്ങളിലും ചൂടേറിയ ചര്‍ച്ചയാകുന്നു. ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ശീലങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശങ്ങളോട് ശക്തമായ പ്രതികരണങ്ങളുമുണ്ട്. താഴെത്തട്ടിലല്ല, നേതാക്കളാണ് ശീലം മാറ്റേണ്ടതെന്നാണ് പ്രതിനിധികള്‍ പറയുന്നത്. പുറത്തേക്കിറങ്ങുമ്പോള്‍ കാണുന്നവരോട് ചിരിച്ചും ചുമലില്‍ തട്ടിയും രണ്ട് വര്‍ത്തമാനം പറയണമെന്ന നിര്‍ദേശത്തോട്, ഇത്തരത്തില്‍ എത്ര നേതാക്കളെ ചൂണ്ടിക്കാണിക്കാന്‍ കഴിയും എന്ന മറുചോദ്യമാണ് കൊടക്കാട് ലോക്കലിലെ ഒരു ബ്രാഞ്ച് സമ്മേളനത്തില്‍ ഉയര്‍ന്നത്
51 1 minute read