കൊല്‍ക്കത്ത: ബംഗാളി സിനിമയെ പിടിച്ചുകുലുക്കി മുതിര്‍ന്ന ഹെയര്‍ഡ്രെസറുടെ ആത്മഹത്യാ ശ്രമം. ഇവരെ മകള്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെയര്‍ഡ്രെസര്‍ ഗില്‍ഡിനെതിരെ ഇവരെഴുതിയ ഗുരുതരമായ ആരോപണങ്ങളടങ്ങുന്ന കത്ത് പോലീസ് കണ്ടെത്തി. ശനിയാഴ്ച എഴുതിയ കത്തില്‍ ഹെയര്‍ഡ്രെസര്‍മാരുടെ സംഘടനയിലെ 11 അംഗങ്ങളുടെ പേരെടുത്തുപറഞ്ഞിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിദേവ്പുര്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.
ദേഹത്ത് മണ്ണെണ്ണയൊഴിച്ച അവസ്ഥയിലായിരുന്നു മകള്‍ കണ്ടെത്തുമ്പോള്‍ ഹെയര്‍ഡ്രെസറെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ടോളിഗഞ്ചിലുള്ള എം.ആര്‍ ബാംഗര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് ഒന്നിന് തന്നെ സംഘടനയില്‍നിന്ന് മൂന്നുമാസത്തേക്ക് പുറത്താക്കിയിരുന്നതായി അവര്‍ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു. സ്വതന്ത്രവും പക്ഷപാതരഹിതവുമായ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് ഇവര്‍ കുറേക്കാലമായി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും അവരുടെ ജോലി പലരീതിയില്‍ തടസപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.
ഭര്‍ത്താവ് രോഗിയായതിനാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഇവരുടെ ചുമലിലായിരുന്നു. ഹെയര്‍സ്‌റ്റൈലിസ്റ്റിനെ സ്വന്തമായി ജോലി തേടാന്‍ അനുവദിച്ചില്ലെന്നും പലരോടും ഇവരെ ജോലിക്കെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ‘മെയ് 1 മുതല്‍ മൂന്ന് മാസത്തേക്ക് എന്നെ സസ്പെന്‍ഡ് ചെയ്തു. അതിനുശേഷം പോലും എന്നെ ശരിയായി ജോലി ചെയ്യാന്‍ അനുവദിച്ചില്ല. എനിക്ക് എന്റെ കുടുംബ ഉത്തരവാദിത്തങ്ങള്‍ ശരിയായി നിറവേറ്റാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്. എന്റെ ഗില്‍ഡിലെ കമ്മിറ്റി അംഗങ്ങളാണ് ഇതിന് ഉത്തരവാദികള്‍.’ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങള്‍. 11 ഗില്‍ഡ് അംഗങ്ങളേയും അവര്‍ കുറിപ്പില്‍ പരാമര്‍ശിച്ചു.
കഴിഞ്ഞദിവസം ഈ ഹെയര്‍ഡ്രെസ്സര്‍ക്ക് ഒരു ബംഗാളി സിനിമയില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍, സെപ്തംബര്‍ 21 ശനിയാഴ്ച, തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതായി പ്രസ്താവിച്ചുകൊണ്ട് പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് ഒരു കോള്‍ വന്നു. ഇതാണ് അങ്ങേയറ്റം കടുത്ത തീരുമാനമെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് ബംഗാളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹെയര്‍ഡ്രെസര്‍ ഗില്‍ഡിനെതിരെ കഴിഞ്ഞദിവസം രാത്രി ഒന്‍പത് മണിയോടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഹരിദേവ്പുര്‍ പോലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് വരുന്നമുറയ്ക്ക് നടപടിയെടുക്കുമെന്നും ഡി.സി.പി രാഹുല്‍ ദേ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു. സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി, താരങ്ങളായ പരംബ്രതാ ചാറ്റര്‍ജി, സുദീപ്താ ചക്രബര്‍ത്തി തുടങ്ങിയവര്‍ സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. സംഭവത്തില്‍ സുദീപ്താ ചക്രബര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിച്ചു.നിലവില്‍ ഹെയര്‍ഡ്രെസര്‍ ചികിത്സയില്‍ തുടരുകയാണ്.
52 1 minute read