ന്യൂഡല്‍ഹി: രാജ്യത്തെ മദ്യഷോപ്പുകള്‍, ബാറുകള്‍, പബുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാന്‍ പ്രോട്ടോകോള്‍ രൂപവത്കരിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്.
കമ്യൂണിറ്റി എഗന്‍സ്റ്റ് ഡ്രങ്കന്‍ ഡ്രൈവിങ് എന്ന സന്നദ്ധ സംഘടനയാണ് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാന്‍ പ്രോട്ടോകോള്‍ രൂപവത് കരിക്കണമെന്ന എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാറിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമേ മദ്യം നല്‍കാവൂ എന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.ബി. സുരേഷ്, അഭിഭാഷകന്‍ വിപിന്‍ നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായം വ്യത്യസ്തം ആണ്. കേരളത്തില്‍ മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായം 23 വയസ്സ് ആണ്. ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 18 വയസ് കഴിഞ്ഞാല്‍ മദ്യപാനം ആകാം. അതേസമയം ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായം 25 വയസ് ആണ്.
വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പ്രായപരിധി ആയതിനാല്‍ തന്നെ പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് മദ്യ ഷോപ്പുകള്‍, ബാറുകള്‍, പബുകള്‍ എന്നിവിടങ്ങളില്‍ മദ്യ വില്‍പ്പന എന്നാണ് ഹര്‍ജിക്കാരുടെ വാദം. വിദേശ രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് മദ്യം വില്‍ക്കുന്നവര്‍ക്ക് കനത്ത ശിക്ഷയാണെന്നും ഇന്ത്യയില്‍ ആ രീതിയില്‍ നയം രൂപവത്കരിച്ച് ശിക്ഷ ഉറപ്പാക്കണമെന്നും അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
50 1 minute read