മരിച്ചുപോയ പെണ്‍കുട്ടിയെ വിചാരണ ചെയ്യാനൊരുങ്ങി ജപ്പാന്‍. ആത്മഹത്യ ചെയ്യുന്നതിനിടെ മറ്റൊരു സ്ത്രീയുടെ മരണത്തിന് കാരണമായ 17 വയസ്സുകാരിയെ വിചാരണ ചെയ്യാനുള്ള ജാപ്പനീസ് അധികൃതരുടെ തീരുമാനം വലിയ വിവാദങ്ങള്‍ക്കാണ് ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 31 -ന് യോകോഹാമ സ്റ്റേഷന് മുകളിലുള്ള NEWoMan ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ദാരുണമായ സംഭവം നടന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ചിബ പ്രിഫെക്ചറില്‍ നിന്നുള്ള പെണ്‍കുട്ടി 12 -ാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.
ആ സമയത്ത് സുഹൃത്തുക്കളോടൊപ്പം അതുവഴി നടക്കുകയായിരുന്ന ചിക്കാക്കോ ചിബ എന്ന 32 -കാരിയുടെ മേലേക്കാണ് അവള്‍ വീണത്. ഇരുവരെയും ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, 17 -കാരി ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു. അന്ന് വൈകുന്നേരത്തോടെ ചിബയും മരിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് സൂചന ലഭിച്ചു, എന്നാല്‍ കാരണം വ്യക്തമല്ല. പിന്നാലെ, കുറ്റപത്രം രേഖപ്പെടുത്തണം എന്ന് ശുപാര്‍ശ ചെയ്ത് യോകോഹാമ പൊലീസ് കേസ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിക്ക് തന്റെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യുമെന്ന് ന്യായമായും മനസ്സിലാക്കാന്‍ കഴിയുന്ന പ്രായമായിരുന്നു എന്ന് പൊലീസ് വാദിച്ചു. തല്‍ഫലമായി, മരിച്ച പെണ്‍കുട്ടിക്കെതിരെ ‘മരണത്തിന് കാരണമായ ഗുരുതരമായ അശ്രദ്ധ’ എന്ന കുറ്റം ചുമത്തിയതായിട്ടാണ് ഇപ്പോള്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ NHK പറയുന്നത്.
അതോടെയാണ് ആളുകള്‍ ഇതിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. മരിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ട് എന്താണ് കാര്യം, ഇത് പണം ദുര്‍വിനിയോഗം ചെയ്യലാണ് എന്നാണ് പ്രധാനമായും ആളുകള്‍ വിമര്‍ശിച്ചത്. എന്നാല്‍, നിയമവിദഗ്ദ്ധരില്‍ പലരും പറയുന്നത്, ഈ കേസ് മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പായി വര്‍ത്തിക്കും അതുകൊണ്ട് കേസെടുത്തതില്‍ തെറ്റില്ല എന്നാണ്.
അതേസമയം, ആ കുട്ടിയുടെ കുടുംബത്തെ എന്തിനാണ് ഇനിയും ഇങ്ങനെ വേദനിപ്പിക്കുന്നത്, അധികൃതരുടെ മണ്ടത്തരങ്ങള്‍ക്ക് ഉദാഹരണമാണ് ഈ കേസ് എന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.
57 1 minute read