കണ്ണൂര്‍ പറശ്ശിനിക്കടവിലെ മുത്തപ്പന്‍ ക്ഷേത്രത്തിന് മുന്‍ഭാഗത്ത്, വളപട്ടണം പുഴയില്‍വെച്ച് വിവാഹിതരായ ദമ്പതികളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലബാറിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങിന് ട്രെന്‍ഡിന് തുടക്കം കുറിച്ചതായും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങില്‍ കേരളത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടി അദ്ദേഹം കുറിച്ചു.
‘പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന് മുന്നില്‍ വളപട്ടണം പുഴയുടെ ഒത്ത നടുക്കുവെച്ച് ലിജിത്തും അനന്യയും ഒരുമിച്ചപ്പോള്‍ അത് മലബാറിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ട്രെന്‍ഡിന് തുടക്കം കുറിക്കലായിമാറി. ലിജിത്തിനും അനന്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു’, മന്ത്രി കുറിച്ചു.
2023-ലാണ് തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖത്ത് വിനോദസഞ്ചാര വകുപ്പ് കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ആരംഭിച്ചത്. ഇപ്പോള്‍ കേരളമാകെ അത് ട്രെന്‍ഡായി മാറുകയാണ്. ഡെസ്റ്റിനേഷന്‍ വെഡ്ഡങ് നടത്താന്‍ അനുയോജ്യമായ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം- കുറിപ്പിന്റെ തുടര്‍ച്ചയായി അദ്ദേഹം എഴുതി.
ശംഖുമുഖത്ത് വിനോദ സഞ്ചാര വകുപ്പ് ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ഉദ്ഘാടനം ചെയ്തത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആയിരുന്നു. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലായിരുന്നു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ഒരുക്കിയിരുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ 30-നായിരുന്നു ആദ്യ വിവാഹം.
ലിഷര്‍ മാഗസിന്‍ ഇന്ത്യയിലേറ്റവും മികച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രമായി തിരഞ്ഞെടുത്ത സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പരസ്യങ്ങള്‍ നടത്തിയിരുന്നതായും ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ വെഡ്ഡിങ് സൈറ്റുകള്‍ തുടങ്ങുമെന്നും ഇത്തരം വിവാഹങ്ങളിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മന്ത്രി അന്ന് ഉദ്ഘാടനചടങ്ങില്‍ വ്യക്തമാക്കിയിരുന്നു.
ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് മുന്‍കൂര്‍ ആയി ബുക്ക് ചെയ്ത് ലോകത്തെവിടെ നിന്നുള്ളവര്‍ക്കും എത്തി വിവാഹം കഴിക്കാം. കുമരകത്തും ആലപ്പുഴയിലും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടത്തുന്നുണ്ട്.
എന്താണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്?
വരന്റെയോ വധുവിന്റെയോ വീടുകളില്‍ നടത്തിവരുന്ന കല്യാണ ചടങ്ങുകള്‍ രണ്ട് വീടുകളിലെയും ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം ഉള്‍പ്പെടുത്തി ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തില്‍ ഒത്തുകൂടി അവിടത്തെ റിസോര്‍ട്ടില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്. രണ്ടുമുതല്‍ നാലുദിവസം വരെ ചെലവഴിച്ച് കല്യാണങ്ങള്‍ നടത്തുന്നവരുണ്ട്.
പ്രധാനമായും സ്ഥലസൗകര്യം, യാത്രാ സൗകര്യം, താമസസൗകര്യം എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരം കല്യാണങ്ങള്‍ക്ക് വേദി തിരഞ്ഞെടുക്കുക. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഡെസ്റ്റിനേഷന്‍ കല്യാണങ്ങളുടെ പ്രധാനകേന്ദ്രം. വയനാട്, മൂന്നാര്‍ പോലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നവരുമുണ്ട്. ‘വെഡ്ഡിങ് ടൂറിസം’ പ്രചരിപ്പിക്കാന്‍ കേരള ടൂറിസം വകുപ്പ് രണ്ട് കോടി രൂപയാണ് ചെലവഴിക്കുന്നത്.