BREAKINGKERALA
Trending

മഴ കനത്താല്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടാകാം, അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായേക്കും: ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍

കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍. തുലാമഴ അതിശക്തമായി പെയ്താല്‍ ഇളകി നില്‍ക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേര്‍ന്നുണ്ടായ പാറയിടുക്കില്‍ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസര്‍ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താല്‍ മറ്റൊരു ഉരുള്‍പൊട്ടലുണ്ടായേക്കാമെന്നും ഐസര്‍ മൊഹാലിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദര്‍ശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയില്‍ അടിഞ്ഞുകൂടി,
വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്.തുലാമഴ പടിവാതില്‍ക്കല്‍ നില്‍ക്കെ, പെരുമഴ പെയ്താല്‍, ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസര്‍ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്.
ഉരുള്‍പൊട്ടലിന്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകള്‍ ഇളകി നില്‍പ്പുണ്ട്. മണ്ണാകട്ടെ ഉറച്ചിട്ടുമില്ല. വെള്ളരിമലയില്‍ അതിശക്തമായ മഴപെയ്താല്‍, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. അതു മാത്രമല്ല, പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുള്‍ പൊട്ടലില്‍ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുള്‍ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കില്‍ ഉരുള്‍ അടിയുന്നത്. നിമിഷ നേരം കൊണ്ട് മര്‍ദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം.
ഇത് മുന്നില്‍ കണ്ട് മതിയായ മുന്‍കരുതല്‍ എടുക്കണം എന്നാണ് ഐസര്‍ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ശനിയാഴ്ച, ഉരുള്‍പൊട്ടലുണ്ടായ അതേ സ്ഥലത്ത് കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു എന്നത് കൂടി പരിഗണിക്കുമ്പോഴാണ്. ഐസര്‍ മൊഹാലിയുടെ പഠനം പ്രാധാന്യമര്‍ഹിക്കുന്നത്.2020ല്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഇതേ നദീതടത്തിലുണ്ടായിരുന്നു, ഇതും ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ശക്തി കൂട്ടാന്‍ വഴിവെച്ചിട്ടുണ്ടാകാം എന്ന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയിരുന്നു. ഇതിനോട് കൂടി ചേര്‍ത്തു വായിക്കണം ഐസര്‍ മൊഹാലിയുടെ പഠനം.
പെട്ടിമുടി ദുരന്തത്തിന്റെ 35 ഇരട്ടി ആഘാതം കൂടിയതാണ് ഇക്കഴിഞ്ഞ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലെന്നും പഠനത്തിലുണ്ട്. ചാലിയാറിലെ വെള്ളത്തില്‍ ഉരുള്‍ അവിശിഷ്ടങ്ങളുടെ കലര്‍പ്പ് വളരെ കൂടുതലായിരുന്നു. പെട്ടെന്ന് കടലിലേക്ക് ഒഴുകിപ്പോയതിനാല്‍, പുഴയിലെ ജീവികളെ കാര്യമായി ബാധിച്ചിട്ടില്ല. നിലവില്‍ പുഞ്ചിരമിട്ടത്തും മുണ്ടക്കൈയിലും ചൂരല്‍മലയിലും സുരക്ഷിത താമസ സ്ഥലങ്ങള്‍ ഉണ്ടോ എന്നടക്കം പരിശോധിക്കുമ്പോഴാണ് , മറ്റൊരു ദുരന്ത സാധ്യത ഐസര്‍ പ്രവചിക്കുന്നത്. ഡോ.സജിന്‍ കുമാര്‍ ഡോ. യൂനുസ് അലി പുല്‍പാടന്‍, പ്രൊഫ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

Related Articles

Back to top button