BREAKINGKERALA
Trending

മുകേഷും ഇടവേള ബാബുവുമടക്കമുള്ളവര്‍ക്ക് നിര്‍ണായകം, ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നറിയാം

കൊച്ചി: നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസില്‍ മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതിയുടെ തീരുമാനമറിയാം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാകും നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുക. കഴിഞ്ഞ ദിവസം പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയുള്ള ഹര്‍ജികളില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേട്ടിരുന്നു.
ബലാത്സംഗം ചെയ്‌തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നാണ് മുകേഷിന്റെ വാദം. 15 വര്‍ഷങ്ങള്‍ക്കുശേഷം പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയില്‍ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ കോടതിയില്‍ കൈമാറിയെന്നും മുകേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്. താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. ഇതിനിടെ ബലാത്സംഗ കേസില്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button