BREAKINGKERALA

മുണ്ടക്കൈയില്‍ ജനകീയ തെരച്ചിലില്‍ ഇന്ന് 3 ശരീരഭാഗങ്ങള്‍ കിട്ടി; തിരിച്ചടിയായി കനത്ത മഴ, ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയില്‍ ഇന്ന് നടത്തിയ രണ്ടാം ഘട്ട ജനകീയ തെരച്ചിലിന് തിരിച്ചടിയായി കനത്ത മഴ. പ്രദേശത്ത് മഴ ശക്തമായതോടെ മൂന്ന് മണിയോടെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്നത്തെ ജനകീയ തെരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ കിട്ടിയതായി അധികൃതര്‍ അറിയിച്ചു. പരപ്പന്‍പാറയില്‍ സന്നദ്ധ പ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പന്‍ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്.
കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാ?ഗങ്ങള്‍ കിട്ടിയത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ അവിടെയുണ്ടോ എന്ന് വിശദമായി പരിശോധന നടത്തും. ഇന്ന് കണ്ടെത്തിയ ശരീരഭാഗങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുന്നതേയുള്ളൂ. കാലാവസ്ഥ അനുകൂലമായതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്യാനാവുമെന്നാണ് കരുതുന്നത്.
മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തെരച്ചില്‍ നടന്നത്. രാവിലെ എട്ട് മണിക്കാണ് സന്നദ്ധപ്രവര്‍ത്തകരുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും ക്യാമ്പുകളില്‍ കഴിയുന്നവരുടേയും നേതൃത്വത്തില്‍ തെരച്ചില്‍ തുടങ്ങിയത്. ക്യാമ്പിലുള്ളവര്‍ സ്വന്തം വീടിരുന്ന സ്ഥലത്തെത്തിയടക്കം പരിശോധന നടത്തി. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.
അതേസമയം വയനാട് ഉരുള്‍പ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. അഞ്ചു പേര്‍ അടങ്ങുന്ന വിദഗ്ധ സംഘം ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കം പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതില്‍ ഊന്നിയാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിച്ചതെന്നും വയനാട്ടില്‍ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു. തെരച്ചില്‍, കെട്ടിടാവശിഷ്ടം നീക്കല്‍, ക്യാംപുകള്‍ തുടരാനുള്ള സഹായം എന്നിവ നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുനര്‍നിര്‍മ്മാണം, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ സഹായം നല്‍കുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഉരുള്‍പ്പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളില്‍ കൂടുതല്‍ കൃത്യമായ കണക്കുകള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നല്‍കും. തിങ്കളാഴ്ച ഡൗണ്‍സ്ട്രീം കേന്ദ്രീകരിച്ച് പൂര്‍ണ തിരച്ചിലുണ്ടാകുമെന്നും വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ തുടരുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു.

Related Articles

Back to top button