BREAKINGINTERNATIONAL

മുന്‍ കാമുകന്റെ 6,000 കോടി രൂപ മാലിന്യ കൂമ്പാരത്തില്‍ എറിഞ്ഞ് യുവതി, മാലിന്യ കൂമ്പാരം താപ്പാന്‍ അനുമതി തേടി യുവാവ്

മുന്‍ കാമുകി അബദ്ധത്തില്‍ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച തന്റെ 569 മില്യണ്‍ പൗണ്ട് (6,000 കോടി രൂപ) വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ യുവാവ്. കേള്‍ക്കുമ്പോള്‍ ഇത്രയും വലിയ തുക ആരെങ്കിലും അബദ്ധത്തില്‍ ഉപേക്ഷിച്ചു കളയുമോ എന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം. എന്നാല്‍ 8,000 ബിറ്റ്‌കോയിനുകളുടെ രൂപത്തില്‍ ഒരു പഴയ ഹാര്‍ഡ് ഡ്രൈവില്‍ സൂക്ഷിച്ചിരുന്ന പണമാണ് അബദ്ധത്തില്‍ മാലിന്യ കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞത്.
ജെയിംസ് ഹോവല്‍സിന്റെ ഈ സമ്പാദ്യത്തെക്കുറിച്ച് അറിവില്ലാതിരുന്ന അയാളുടെ മുന്‍ കാമുകി ഹാല്‍ഫിന എഡ്ഡി-ഇവാന്‍സ് ആണ് ഇത് മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ചത്. ഹാര്‍ഡ് ഡ്രൈവിനുള്ളില്‍ ഇത്രയും വിലപിടിപ്പുള്ള സംഗതിയായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും മുറി വൃത്തിയാക്കുന്നതിനിടയില്‍ കിട്ടിയ പഴയ ഹാര്‍ഡ് ഡിസ്‌ക് മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് വെയില്‍സില്‍ നിന്നുള്ള ഹാല്‍ഫിന എഡ്ഡി-ഇവാന്‍സ് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് പ്രതികരിച്ചത്.
വീട്ടിലെ പഴയ വസ്തുക്കള്‍ എടുത്തുകളഞ്ഞ് വീട് വൃത്തിയാക്കാന്‍ തന്റെ മുന്‍കാമുകന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ അങ്ങനെ ചെയ്തതെന്നും യുവതി കൂട്ടിചേര്‍ക്കുന്നു. ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും യുവതി വ്യക്തമാക്കി. യുവതി ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ച മാലിന്യ കൂമ്പാരം സ്ഥിതി ചെയ്യുന്ന സ്ഥലം തിരയുന്നതിന് വേണ്ടിയുള്ള അനുവാദം പ്രാദേശിക ഭരണകൂടത്തില്‍ നിന്നും നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഹോവല്‍സ്. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എഡ്ഡി പറഞ്ഞു.
1,10,000 ടണ്‍ മാലിന്യം അടഞ്ഞു കിടക്കുന്ന സ്ഥലത്താണ് ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചിട്ടുള്ളത്. നഷ്ടപ്പെട്ട പണം തനിക്ക് തിരികെ കിട്ടുകയാണെങ്കില്‍ അതിന്റെ 10 % ആ പ്രദേശത്തിന്റെ വികസനത്തിനായി പ്രാദേശിക ഭരണകൂടത്തിന് നല്‍കാമെന്നാണ് ഹോവല്‍സിന്റെ വാഗ്ദാനം. മാലിന്യം കുഴിക്കണമെന്ന് ഹോവെല്‍സിന്റെ അഭ്യര്‍ത്ഥനകള്‍ ഏറെ നാളുകളായി ലഭിക്കുന്നുണ്ടെന്നും എന്നാല്‍, പാരിസ്ഥിതിക അനുമതി പ്രകാരം ഖനനം സാധ്യമല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ന്യൂപോര്‍ട്ട് സിറ്റി കൗണ്‍സില്‍ അറിയിച്ചു.

Related Articles

Back to top button