ന്യൂഡല്‍ഹി : നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണ കടത്ത് കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി ആറ് ആഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിയത്. ഇതിനിടെ ട്രാന്‍സ്ഫര്‍ ഹര്‍ജി നിരന്തരം മാറ്റി വയ്പ്പിക്കുക ആണെന്ന് സ്വപ്ന സുരേഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍ കൃഷ്ണ രാജ് സുപ്രീം കോടതിയില്‍ ആരോപിച്ചു. തുടര്‍ന്ന് നിങ്ങള്‍ മുറിവില്‍ ഉപ്പ് തേക്കുകയാണോ എന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ഹൃഷികേശ് റോയ് ആരാഞ്ഞു.
ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് മറ്റൊരു ദിവസത്തേക്ക് ഹര്‍ജി പരിഗണിക്കാന്‍ മാറ്റണം എന്നും ഇഡി യുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി മാറ്റി വയ്ക്കണം എന്ന് ഇഡിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്. ഇന്നും ഇതേ ആവശ്യം ഉന്നയിച്ചപ്പോള്‍ ഹര്‍ജിയില്‍ ഇഡിക്ക് താത്പര്യം നഷ്ടപെട്ടുവോ എന്ന ചോദ്യം സുപ്രീം കോടതി വീണ്ടും ആവര്‍ത്തിച്ചു.
ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇഡിക്ക് താത്പര്യം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനീയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കപില്‍ സിബലിന് പുറമെ സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശിയും ഹാജര്‍ ആയി. ഹര്‍ജി ഇനി അടുത്ത വര്‍ഷമേ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാന്‍ സാധ്യത ഉള്ളു.
60 1 minute read