BREAKINGKERALA

മോഹന്‍ലാലിനെതിരെ അധിക്ഷേപം; യുട്യൂബര്‍ ചെകുത്താന് ജാമ്യം

പത്തനംതിട്ട: നടന്‍ മോഹന്‍ലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുട്യൂബര്‍ അജു അലക്‌സിന്(ചെകുത്താന്‍) ജാമ്യം. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. നേരത്തെ, യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടര്‍ അടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദീഖിന്റെ പരാതിയിലാണ് മോഹന്‍ലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്.
ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നടന്‍ മോഹന്‍ലാലിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ചെകുത്താനെതിരെ നടപടിയെടുത്തത്. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് കേസ്. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.
ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്‌സിന് എതിരായ കേസ്. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം.

Related Articles

Back to top button