രത്തന് അന്നു 10 വയസ്സ്. മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തി രണ്ടുവഴിക്കു പിരിഞ്ഞു. മുന്നിലേക്കുള്ള വഴിയേത് എന്നറിയാതെ കൊച്ചു രത്തന്‍ ജീവിതത്തിന്റെ നാല്‍ക്കവലയില്‍ നിന്നു. അവിടെ, വിളിപ്പാടകലെ ഇരു കൈകളും വിരിച്ചുപിടിച്ച് അവനെ വാരിപ്പുണരാന്‍ മുത്തശ്ശി നവജ്ബായി കാത്തുനില്‍പുണ്ടായിരുന്നു. മുത്തശ്ശി അവനോടു പറഞ്ഞു: തലയുയര്‍ത്തി നില്‍ക്കുക, പരിഹാസങ്ങളെ അവഗണിക്കുക, ആരോടും പരുഷമായും പരുക്കനായും ഇടപെടാതിരിക്കുക.
മുത്തശ്ശിയായിരുന്നു രത്തന്റെ രത്‌നവും പളുങ്കുമെല്ലാം. അവര്‍ കാട്ടിയ വഴിയേ രത്തന്‍ നടന്നു, ഓടി. ഉന്നതവിദ്യാഭ്യാസത്തിന് അമേരിക്കയില്‍ പോയി. ഇന്ത്യയിലെ അതിസമ്പന്നകുടുംബത്തിലെ സൗകര്യങ്ങളൊക്കെ മറന്നു ലൊസാഞ്ചലസില്‍ ചെയ്യാവുന്ന ജോലികളൊക്കെ ചെയ്തു. അവിടെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായി അസ്ഥിയില്‍പിടിച്ച പ്രണയം.
അമേരിക്കയില്‍ത്തന്നെ തുടരാനായിരുന്നു താല്‍പര്യം. പക്ഷേ, ഇന്ത്യയ്ക്കു രത്തനെ വേണമായിരുന്നു. ഇന്ത്യ അവനെ തിരിച്ചു വിളിച്ചതും മുത്തശ്ശിയിലൂടെയാണ്. ‘മുത്തശ്ശിയുടെ ആരോഗ്യം മോശമായി. അവിടെത്തന്നെ തുടരണോ, അതോ മുത്തശ്ശിക്കായി ഇന്ത്യയിലേക്കു മടങ്ങണോ എന്നതായി ചിന്ത. ഒടുവില്‍ മടങ്ങിപ്പോന്നു; മുത്തശ്ശിയുടെയും ഇന്ത്യയെന്ന അമ്മയുടെയും അടുത്തേക്ക്. പ്രാണപ്രേയസി പിന്നീട് എത്തുമെന്നായിരുന്നു തീരുമാനം, അതു നടന്നില്ല.
1962 ലെ ഇന്ത്യചൈന യുദ്ധമാണ് രത്തന്റെ വിവാഹജീവിതം മുടക്കിയത്. യുഎസില്‍നിന്ന് രത്തന്‍ ഇന്ത്യയിലേക്കു വന്നു. വിവാഹശേഷം ഇരുവരും ഇവിടെ സ്ഥിരതാമസമാക്കുമെന്നായിരുന്നു തീരുമാനം. ചൈനയുമായുള്ള യുദ്ധം യുഎസിലെ മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകളായി. ഇന്ത്യയില്‍ വന്‍ യുദ്ധം നടക്കുകയാണെന്നും അതു പെട്ടെന്നു തീരാന്‍പോകുന്നില്ലെന്നും തോന്നിയ പെണ്‍കുട്ടി ഇന്ത്യയിലേക്കില്ലെന്നു തീര്‍ത്തുപറഞ്ഞു. രത്തനാകട്ടെ യുഎസില്‍ സ്ഥിരതാമസമാക്കാനുള്ള സാഹചര്യമല്ലായിരുന്നു. അതോടെ ഇരുവരും വേര്‍പിരിഞ്ഞു. ‘അവള്‍ അവിടെത്തന്നെ ഒരാളെ വിവാഹം കഴിച്ചു. ഞാന്‍ പിന്നെ വിവാഹം കഴിച്ചുമില്ല’ – രത്തന്‍ ടാറ്റ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ആ പ്രണയം എന്നും നൊമ്പരമായി കൂടെക്കൂടി; മരണം വരെ. വിവാഹത്തോട് എന്നന്നേക്കുമായി ‘ടാറ്റാ’ പറഞ്ഞു. ‘ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കമ്പനികളുടെ തലപ്പത്ത് ഇരിക്കുമ്പോഴും ഭാര്യയില്ല, പിന്തുടര്‍ച്ചയ്ക്ക് മക്കളില്ല. ‘ആ ഒറ്റപ്പെടല്‍ പലപ്പോഴും ഞാന്‍ അനുഭവിച്ചിട്ടുണ്ട്’ രത്തന്‍ തുറന്നു പറയാന്‍ മടിച്ചില്ല.
ചോരത്തിളപ്പിന്റെ കാലത്ത് രത്തനു പുതിയ പ്രണയങ്ങളുണ്ടായി: ടാറ്റയെന്ന തന്റെ പരമ്പരാഗത ബിസിനസ് സാമ്രാജ്യം, പതിനായിരക്കണക്കിനു തൊഴിലാളികള്‍, സാധാരണക്കാരുടെ ഇന്ത്യയില്‍, ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാറായ നാനോയും ഇലക്ട്രിക് കാറുകളും പോലുള്ള വിപ്ലവചിന്തകള്‍.
ടാറ്റയെ ഇന്ത്യയുടെ മുക്കിലും മൂലയിലും നിറഞ്ഞു നില്‍ക്കുന്ന, 6 ഭൂഖണ്ഡങ്ങളില്‍ സാന്നിധ്യമുള്ള സാമ്രാജ്യമായി പടുത്തുയര്‍ത്തിയിട്ടാണ് രത്തന്‍ ടാറ്റയുടെ മടക്കം. രത്തന്‍ വിടപറയുമ്പോള്‍ ടാറ്റ ഇവിടെത്തന്നെയുണ്ട്, തൂണിലും തുരുമ്പിലും. ഉപ്പിലും ഉരുക്കിലും, കാറിലും ട്രക്കിലും…! പഴയ ബോംബെയുടെ നടുവില്‍, ഒരു കൂറ്റന്‍ ബംഗ്ലാവിലാണ് രത്തന്‍ മുത്തശ്ശിയോടൊപ്പം കുട്ടിക്കാലത്തു കഴിഞ്ഞത്. ആ വീടിന്റെ ചില ഭാഗങ്ങളാണ് പിന്നീടു വിഖ്യാതമായ സ്റ്റെര്‍ലിങ് സിനിമയും ഡോയിഷ് ബാങ്കുമായി മാറിയത്. റോള്‍സ് റോയിസിലായിരുന്നു സ്‌കൂളില്‍ പോയിരുന്നത്.
വീട്ടില്‍ ഏതു സമയത്തും 50 ജോലിക്കാരെങ്കിലും ഉണ്ടാകുമായിരുന്നു. അത്യാഡംബരത്തില്‍ വളര്‍ന്നപ്പോഴും അത് അദ്ദേഹത്തിന്റെ കണ്ണു മഞ്ഞളിപ്പിച്ചില്ല. ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നതു വരെ കൊളാബയിലെ ബഖ്താവറില്‍ ആഡംബരങ്ങളൊന്നുമില്ലാത്ത ഫ്‌ലാറ്റിലാണ് വര്‍ഷങ്ങളോളം കഴിഞ്ഞത്. പുസ്തകങ്ങളും കസെറ്റുകളും നിറഞ്ഞ ഒരിടം.
ധനികബാലനായി വളര്‍ന്നൊരാള്‍ ആഡംബരത്തോടു മുഖംതിരിക്കുന്നതിനെക്കുറിച്ചു ചോദിച്ചാല്‍ രത്തന്‍ ടാറ്റ അമേരിക്കയില്‍ കഴിഞ്ഞ 10 വര്‍ഷങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുമായിരുന്നു. ജീവിതച്ചെലവിനു തുക കണ്ടെത്താന്‍ കണ്ണില്‍ക്കണ്ട ജോലികളെല്ലാം എടുത്തു. പാത്രം കഴുകാന്‍ വരെ പോയിട്ടുണ്ടെന്നും അങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ധനികകുടുംബത്തിലാണു വളര്‍ന്നതെന്ന കാര്യം മറന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാപുരത്തെ അവധിക്കാലം
കൊച്ചിരത്തന്‍ ടാറ്റയ്ക്ക് അതൊരു സ്ഥലം മാത്രമായിരുന്നില്ല, ഒരു കാലവും കൂടിയായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ അവധിക്കാലം ചെലവിട്ടിരുന്നതു കൊച്ചിയിലെ ടാറ്റാപുരത്തായിരുന്നു. ആ ദിനങ്ങള്‍ അതിമനോഹരമായിരുന്നെന്നും ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പതിറ്റാണ്ടുകള്‍ക്കു ശേഷവും പറഞ്ഞു. രത്തന്റെ പിതാവ് നവല്‍ ടാറ്റ അന്നു ടോംകോ (ടാറ്റാ ഓയില്‍ മില്‍സ് കമ്പനി) ചെയര്‍മാനായിരുന്നു. അങ്ങനെയാണ് രത്തനും സഹോദരനും അവധിക്കാലമെത്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം മുംബൈയില്‍നിന്നു കൊച്ചിയിലേക്കു വിമാനം കയറിയത്.
മൂന്നാറില്‍ ഏറെ ദിനങ്ങള്‍ ചെലവഴിച്ചിട്ടുള്ള അദ്ദേഹത്തിന് അവിടത്തെ പ്രകൃതി ഹരമായിരുന്നു. 97ല്‍ മൂന്നാര്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ പറഞ്ഞു: ‘സമചിത്തതയില്ലാത്ത വികസനം അപകടകരമാണ്. പ്രകൃതിഭംഗി നഷ്ടപ്പെടുത്തുന്ന ഒന്നും അരുത്’.
പിയാനോ മുതല്‍ സ്‌കൂബ വരെ
75ാം വയസ്സില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വിരമിക്കുമ്പോള്‍ രത്തന്‍ ടാറ്റ പറഞ്ഞു: ഇനിയെനിക്കു പിയാനോ പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഒന്‍പതാം വയസ്സില്‍ കുറച്ചു പഠിച്ച് നിര്‍ത്തേണ്ടിവന്നു. ശിഷ്ടകാലം ആര്‍ക്കിടെക്ടായി ജോലിചെയ്താല്‍ കൊള്ളാമെന്നും അദ്ദേഹം പറയുമായിരുന്നു. ഒന്നുരണ്ടു വീടുകള്‍ അദ്ദേഹം തന്നെ ഡിസൈന്‍ ചെയ്തു. ചെവിയിലെ പ്രശ്‌നങ്ങള്‍ മൂലം ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നു പറയുവോളം സ്‌കൂബ ഡൈവിങ്ങും ഹരമായിരുന്നു. പാട്ടും വായനയും മുടക്കമില്ലാത്ത ദിനചര്യയുടെ ഭാഗമായിരുന്നു. അതിവേഗ കാറുകളും വിമാനങ്ങളും വലിയ ഹരമായിരുന്നു.
അതില്‍ മാത്രം പശ്ചാത്താപം
ജീവിതത്തില്‍ എന്തെങ്കിലും കാര്യത്തില്‍ രത്തന്‍ ടാറ്റ പശ്ചാത്തപിച്ചിരുന്നോ? വിവാഹം കഴിക്കാത്തതു തെറ്റായ തീരുമാനമായിപ്പോയെന്ന് ഒരിക്കലും അദ്ദേഹം കരുതിയില്ല. ടാറ്റ കമ്പനികളുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളില്‍ ഒട്ടേറെയെണ്ണം പാളിപ്പോയിട്ടുണ്ട്. എങ്കിലും അതെല്ലാം സ്വാഭാവികമാണെന്നും പശ്ചാത്തപിക്കേണ്ട കുറ്റമൊന്നും അല്ലെന്നുമാണ് അദ്ദേഹം കരുതിയിരുന്നത്. സ്വന്തം കാര്യത്തില്‍ മാത്രമല്ല, മറ്റുള്ളവരുടെ കാര്യത്തിലും അതായിരുന്നു നിലപാട്.
ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു അദ്ദേഹത്തിനു പശ്ചാത്താപം. അതു ജെ.ആര്‍.ഡി.ടാറ്റയുമായി ബന്ധപ്പെട്ടുള്ളതാണ്. രത്തന്‍ ടാറ്റ അതേക്കുറിച്ചു പറഞ്ഞതിങ്ങനെ: ‘അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനത്തെ ഏതാണ്ട് 6 വര്‍ഷങ്ങള്‍ ഞങ്ങള്‍ തമ്മില്‍ അത്രമേല്‍ അടുപ്പത്തിലായിരുന്നു. നേരത്തെ തന്നെ കൂടുതല്‍ അടുക്കേണ്ടിയിരുന്നു. അതു സംഭവിക്കാത്തതില്‍ ഞാന്‍ ദുഃഖിക്കുന്നു. ഒരുപക്ഷേ അതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പശ്ചാത്താപം’.