BREAKINGNATIONAL

യുപിയില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ നരഭോജി ചെന്നായ കടിച്ചുകൊന്നു; ആകെ മരണം 9 ആയി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയില്‍ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ വീണ്ടും മരണം. മഹ്‌സി ഏരിയയിലെ രണ്ടു വയസ്സുകാരി അഞ്ജലി ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടുമാസമായി തുടരുന്ന ചെന്നായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ ഒന്‍പതായി. ഇതില്‍ എട്ടുപേര്‍ കുട്ടികളും ഒരാള്‍ സ്ത്രീയുമാണ്. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ മൂന്നുവയസ്സുകാരിക്കും ജീവന്‍ നഷ്ടമായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് മഹ്‌സി ഏരിയയില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിന്ന അഞ്ജലിയെ ചെന്നായ കടിച്ചുകൊണ്ടുപോയത്. വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെനിന്ന് കുട്ടിയുടെ മൃത?ദേഹം പിന്നീട് കണ്ടെത്തി.
‘ആറുമാസം പ്രായമായ ഇളയ കുഞ്ഞ് കരഞ്ഞപ്പോഴാണ് ഞാന്‍ സംഭവം അറിയുന്നത്. എഴുന്നേറ്റപ്പോഴേക്കും മൂത്ത മകളെ ചെന്നായ കടിച്ചെടുത്തു കൊണ്ടുപോയിരുന്നു. ചെന്നായയുടെ പിറകെ ഓടിയെങ്കിലും കുഞ്ഞിനെ കിട്ടിയില്ല. ഞങ്ങള്‍ കൂലിപ്പണിക്കാരും ദരിദ്രരും ആയതിനാല്‍ വീടിന് വാതില്‍ വെക്കാന്‍ കഴിഞ്ഞിരുന്നില്ല’, കൊല്ലപ്പെട്ട അഞ്ജലിയുടെ മാതാവ് പറഞ്ഞു.
ജൂലായ് 17 മുതലാണ് ബഹ്‌റൈച്ച് ജില്ലയില്‍ ചെന്നായ ആക്രമണം ഉണ്ടാകുന്നത്. 35-ഓളം ?ഗ്രാമങ്ങളാണ് നിലവില്‍ ഭീതിയില്‍ കഴിയുന്നത്. ‘ഓപ്പറേഷന്‍ ഭീഡിയ’ എന്ന പേരില്‍ ചെന്നായകളെ പിടികൂടാനുള്ള പ്രത്യേക ദൗത്യം തുടരുന്നുണ്ടെങ്കിലും ആക്രമണങ്ങള്‍ക്ക് കുറവില്ല. ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോ?ഗിച്ചാണ് തിരച്ചില്‍ നടക്കുന്നത്. എന്നാല്‍ ചെന്നായക്കള്‍ തുടര്‍ച്ചയായി വാസസ്ഥലം മാറുന്നത് വലിയ വെല്ലുവിളിയാവുകയാണ്.
മനുഷ്യന്റെ സ്വാഭാവിക ?ഗന്ധം ലഭിക്കാനായി, കുട്ടികളുടെ മൂത്രത്തില്‍ മുക്കിയ കളിപ്പാവകള്‍ ഉപയോ?ഗിച്ച് ഇവയെ പിടികൂടാനുള്ള കെണികളും ഒരുക്കിയിട്ടുണ്ട്. നദീതീരങ്ങളിലും ചെന്നായകള്‍ ഉണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം പാവകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ബഹ്‌റൈച്ച് ജില്ലയില്‍ മാസങ്ങളായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ നിരവധിപേര്‍ക്കാണ് പരിക്കേറ്റത്. ആറ് ചെന്നായകളില്‍ നാലെണ്ണത്തെ പിടികൂടിയിരുന്നു. ബാക്കിയുള്ള രണ്ട് ചെന്നായകളാണ് ഭീതിപരത്തുന്നത്.

Related Articles

Back to top button