BREAKINGNATIONAL
Trending

യെച്ചൂരി ഇനി ജ്വലിക്കുന്ന ഓര്‍മ, ഭൗതിക ശരീരം എയിംസിന് കൈമാറി

ന്യൂഡല്‍ഹി: യെച്ചൂരി ഇനി ജ്വലിക്കുന്ന ഓര്‍മ. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി. ദില്ലിയിലെ എകെജി ഭവനില്‍ നിന്നും വന്‍ ജനാവലിയോടെ വിലാപയാത്രയായാണ് ഭൗതിക ശരീരം എയിംസില്‍ എത്തിച്ചത്. സിപിഎം പിബി അംഗങ്ങള്‍ മുതല്‍ ചെറുപ്പക്കാരുടെ അടക്കം വലിയ സംഘമാണ് വിലാപയാത്രയെ നയിച്ചത്.
ദില്ലി എയിംസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ വൈകിട്ടാണ് കുടുംബവും മറ്റ് മുതിര്‍ന്ന നേതാക്കളും ഏറ്റവുവാങ്ങിയത്. തുടര്‍ന്ന് വസന്ത്കുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ മുതല്‍ ദില്ലി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ആയിരങ്ങളാണ് അവിടെ തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാനും ആദരമര്‍പ്പിക്കാനും എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രി മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, എംഎ ബേബി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് അടക്കം പ്രമുഖ നേതാക്കള്‍ ദില്ലിയിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, ജയറാം രമേശ്, രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, ചന്ദ്രബാബു നായിഡു, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബിജെപി നേതാവ് ജെപി നദ്ദ, എന്‍സിപി നേതാവ് ശരദ് പവാര്‍, നേപ്പാള്‍ മുന്‍ ഉപമുഖ്യമന്ത്രി ഈശ്വര്‍ പൊക്രിയാല്‍, ക്യൂബന്‍ അംബാസഡര്‍ ഇന്‍ ചാര്‍ജ് അബേല്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ യെച്ചൂരിക്ക് ആദരാഞ്ജലി നേര്‍ന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലി എംയിസില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3.05ഓടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. യെച്ചൂരി വിടവാങ്ങുമ്പോള്‍ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയില്‍ നിന്ന നേതാവിനെയാണ്. എസ്എഫ്‌ഐയിലൂടെ പൊതുജീവിതം ആരംഭിച്ച യെച്ചൂരി, രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയത് ആകസ്മികമായല്ല.
സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. ആധുനികകാലത്ത് ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും ശക്തനും പ്രാപ്തനുമായ ഒരു നേതാവിനെയാണ് യെച്ചൂരി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത്.

Related Articles

Back to top button