BREAKINGKERALA
Trending

രഞ്ജിത്തിനെ സംരക്ഷിച്ച് വീണ്ടും മന്ത്രി സജി ചെറിയാന്‍; ആരോപണം തെളിഞ്ഞാല്‍ നടപടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടുമായി വീണ്ടും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് അവകാശപ്പെടുന്ന മന്ത്രി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പ് എന്നാണ് വിശദീകരിക്കുന്നത്.
രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ശനിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സജി ചെറിയാന്‍ സ്വീകരിച്ചത്. ആരോപണങ്ങളുടെ വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നും ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പറഞ്ഞ മന്ത്രി, പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സര്‍ക്കാര്‍ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍. നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചേ തീരുമാനത്തില്‍ എത്താന്‍ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സജി ചെറിയാന്‍, രഞ്ജിത്ത് അത് നിഷേധിച്ചില്ലേയെന്നും ചോദിച്ചു.
പരാതി നല്‍കിയാല്‍ ഏത് ഉന്നത ആണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പരാതിയിലെ വസ്തുത അന്വേഷിക്കേണ്ടത് പൊലീസാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ രഞ്ജിത്ത് മറുപടി പറഞ്ഞു. ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇക്കാര്യത്തില്‍ പരാതി വന്നാല്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. ആരോപണത്തില്‍ കേസെടുത്താല്‍ അത് നിലനില്‍ക്കില്ലെന്നും പരാതി തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കൂ എന്നുമാണ് മന്ത്രിയുടെ നിലപാട്. രഞ്ജിത്തുമായി താന്‍ സംസാരിച്ചോ എന്ന് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
അതേസമയം നടിയുടെ ആരോപണത്തിന് കഴിഞ്ഞ ദിവസം രഞ്ജിത്ത് നല്‍കിയ വിശദീകരണം നടി തള്ളിയിരുന്നു. സിനിമയുടെ ഓഡിഷന് വേണ്ടിയാണ് ശ്രീലേഖ മിത്രയെ വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കിയയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാല്‍ ഇത് നടി നിഷേധിച്ചു. താന്‍ കേരളത്തില്‍ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ ആവര്‍ത്തിച്ചു. ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പക്ഷേ പരാതി നല്‍കാനും നടപടികള്‍ക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാന്‍ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാന്‍ തയാറായാല്‍ പരാതിയുമായി മുന്നോട്ട് പോകും. സംഭവിച്ചത് തെറ്റായി എന്നെങ്കിലും രഞ്ജിത്ത് പറയണമെന്നും അവര്‍ ആവര്‍ത്തിച്ചു.

Related Articles

Back to top button