BREAKINGINTERNATIONAL

രാത്രി വൈകി ടോയ്‌ലെറ്റ് ഉപയോഗിച്ചു, വിദ്യാര്‍ത്ഥിയെ കൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച് ചൈനയിലെ സ്‌കൂള്‍ അധികൃതര്‍

രാത്രി സ്‌കൂള്‍ ടോയ്‌ലെറ്റ് ഉപയോഗിച്ച വിദ്യാര്‍ത്ഥിയെ കൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച് മറ്റു വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യിപ്പിച്ച സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. വടക്കന്‍ ചൈനയിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. സംഭവം വിവാദമായതോടെ സ്‌കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റി.
ഷാങ്സി പ്രവിശ്യയിലെ യുന്‍ഡോംഗ് സെക്കന്‍ഡറി സ്‌കൂളിലെ ഫോം ത്രീ വിദ്യാര്‍ത്ഥിയായ കൗമാരക്കാരനെയാണ് രാത്രി 11 മണിക്ക് ബാത്‌റൂമില്‍ പോയതിന് അധികൃതര്‍ ശിക്ഷിച്ചത്. ബെയ്ജിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍, കുട്ടിയെ കൊണ്ട് ക്ഷമാപണക്കത്ത് എഴുതിപ്പിക്കുകയും അതിന്റെ ആയിരം ഫോട്ടോ കോപ്പികള്‍ മറ്റു വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. കൂടാതെ വിദ്യാര്‍ഥിയുടെ ക്ലാസിലെ പ്രതിമാസ അച്ചടക്ക സ്‌കോറില്‍ നിന്ന് അഞ്ച് പോയിന്റുകളും കുറച്ചു.
സ്‌കൂളിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അധ്യാപകന്‍ പറയുന്നത് അനുസരിച്ച് രാത്രി 10.45 ന് ശേഷം വിദ്യാര്‍ത്ഥികള്‍ ഡോര്‍മിറ്ററിക്ക് ചുറ്റും നടക്കുന്നതും ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതും സ്‌കൂളില്‍ നിരോധിച്ചിട്ടുണ്ട്. ഈ സമയത്തിന് ശേഷം ബാത്ത്‌റൂം ഉപയോഗിക്കേണ്ട വിദ്യാര്‍ത്ഥികള്‍ ഡോര്‍ അഡ്മിനിസ്‌ട്രേറ്ററുടെ അനുവാദം തേടേണ്ടതുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥി ഇത്തരത്തില്‍ അനുവാദം തേടിയില്ല എന്നതാണ് സ്‌കൂള്‍ അധികൃതരെ പ്രകോപിപ്പിച്ചത്.
അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥി എഴുതിയ ക്ഷമാപണക്കത്തിലെ വരികള്‍ ഇങ്ങനെ ആയിരുന്നു. ‘ഞാന്‍ സ്‌കൂള്‍ നിയമങ്ങള്‍ ഗുരുതരമായി ലംഘിച്ചു, വൈകുന്നേരം ടോയ്ലറ്റില്‍ പോയത് മറ്റ് വിദ്യാര്‍ത്ഥികളുടെ ഉറക്കം കെടുത്തുക മാത്രമല്ല, എന്റെ ക്ലാസിന് നാണക്കേടുണ്ടാക്കുകയും ചെയ്തു. എന്റെ സഹപാഠികളോടും സ്‌കൂളിനോടും ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നു, ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നു.’
സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇത് ചര്‍ച്ചയായതോടെ രൂക്ഷവിമര്‍ശനമാണ് സ്‌കൂളിനെതിരെ ഉയരുന്നത്. സ്‌കൂളിന്റെ വിദ്യാഭ്യാസനയങ്ങള്‍ പരിഷ്‌കരിക്കണമെന്നും വിദ്യാര്‍ത്ഥികളോട് കൂടുതല്‍ സൗഹാര്‍ദ്ദപരമായി ഇടപെടണമെന്നും പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റി സ്‌കൂളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കുട്ടിയെ കൊണ്ട് ക്ഷമാപണത്തെഴുതിപ്പിച്ച് ഫോട്ടോ കോപ്പി എടുപ്പിച്ചതിന് നഷ്ടപരിഹാരമായി 100 യുവാന്‍ (US$14) നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുക്തിസഹവും മാനുഷികവുമായ അച്ചടക്ക നയങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ സ്‌കൂളുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button