മുംബൈ: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന് ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്. സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പരാമര്‍ശത്തിന് എതിരെയാണ് ശിവസേന എംഎല്‍എ രംഗത്തെത്തിയത്.
ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വിദേശത്തായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞെന്നാണ് ഗെയ്ക്വാദ് പറയുന്നത്. ഇത് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടി. സംവരണത്തെ എതിര്‍ക്കുന്ന അന്തര്‍ലീനമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് താന്‍ 11 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും ഗെയ്ക്വാദ് പറഞ്ഞു.
മറാത്തികള്‍, ധംഗര്‍മാര്‍, ഒബിസി വിഭാഗത്തിലുള്ളവര്‍ സംവരണത്തിനായി പോരാടുകയാണ്, എന്നാല്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഭരണഘടന ഉയര്‍ത്തിക്കാട്ടി ബിജെപി അത് മാറ്റുമെന്ന് വ്യാജ ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചെന്നും എന്നാല്‍ രാജ്യത്തെ 400 വര്‍ഷം പിന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസാണ് പദ്ധതിയിടുന്നതെന്നും ഗെയ്ക്വാദ് പറഞ്ഞു.
അതേസമയം എംഎല്‍എയുടെ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ ഘടക കക്ഷിയാണ് ബിജെപി. എന്നിരുന്നാലും സംവരണം പുരോഗതിയെ ബാധിക്കുമെന്ന് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത് മറക്കാനാവില്ലെന്നും ബവന്‍കുലെ പറഞ്ഞു. സംവരണം നല്‍കുക എന്നാല്‍ വിഡ്ഢികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ബവന്‍കുലെ ആരോപിച്ചു. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിലുള്ളവരിലേക്ക് നെഹ്റു, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ അഭിപ്രായങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജയ് ഗെയ്ക്വാദ് ഈ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗെയ്ക്വാദിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തുമോയെന്ന് അറിയണം. ഇവരെല്ലാം സംസ്ഥാനത്തെ രാഷ്ട്രീയം നശിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് എംഎല്‍സി ഭായ് ജഗ്താപ് പറഞ്ഞു.
അമേരിക്കയില്‍ ജോര്‍ജ് ടൌണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോള്‍ സംവരണത്തെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വളച്ചൊടിക്കപ്പെട്ടത്. ഇന്ത്യ നീതിയുക്തമായ സ്ഥലമാകുമ്പോള്‍ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ചിന്തിക്കുമെന്നും എന്നാല്‍ നിലവിലെ സാഹചര്യം അങ്ങനെയല്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.
61 1 minute read