തിരുവനന്തപുരം: വഞ്ചിയൂര്‍ ജങ്ഷനില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയതില്‍ പോലീസ് കേസെടുത്തു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസ്. അനധികൃത സംഘം ചേരല്‍, ഗതാഗത തടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറല്‍ എന്നിവയ്ക്കാണ് കേസ്. വഞ്ചിയൂര്‍ പോലീസാണ് സ്വമേധയാ കേസെടുത്തത്.
നേരത്തേ സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയതെന്നും നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് വേദി കെട്ടിയത്. ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു.
വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്. പാതയോരങ്ങളില്‍ പോലും ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചത്.
വഞ്ചിയൂര്‍ കോടതിയുടെയും പോലീസ് സ്റ്റേഷന്റെയും തൊട്ടു മുന്‍പിലായാണ് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഈ നിയമലംഘനം. രാവിലെയും വൈകിട്ടും വന്‍ തിരക്കാണ് ഈ റോഡിലുള്ളത്. റോഡിലെ ഗതാഗതം നിയന്ത്രിക്കാനായി വ്യാഴാഴ്ച രാവിലെ മുതല്‍ അന്‍പതോളം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍, വൈകുന്നേരമായതോടെ വന്‍ ഗതാഗത കുരുക്കാണ് ഇവിടെ രൂപപ്പെട്ടത്. തമ്പാനൂരില്‍ നിന്ന് വഞ്ചിയൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന പ്രധാന പാത കൂടിയാണിത്.
61 Less than a minute