ലബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്. നോര്‍വേ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടക്കുന്നത്. പേജറുകള്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ ഇയാളുടെ കമ്പനി ഉള്‍പ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടക വസ്തുക്കള്‍ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം ഇപ്പോഴും അജ്ഞാതമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുളള പേജറുകള്‍ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങള്‍ പുറത്ത് വരുന്നത്. സാമ്പത്തിക ഇടപാടുകളാണെന്നും സ്‌ഫോടനവുമായി റിന്‍സണ്‍ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജന്‍സികളും വ്യക്തമാക്കുന്നു.
തായ്വാന്‍ കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ പൊട്ടിത്തെറിച്ചത്. എന്നാല്‍ തങ്ങള്‍ പേജറുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയന്‍ കമ്പനിക്ക് നല്‍കിയെന്നുമാണ് തായ്വാന്‍ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങള്‍ പേജറുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും നോര്‍വീജിയന്‍ കമ്പനിക്ക് ഉപ കരാര്‍ നല്‍കിയിരുന്നുവെന്നുമാണ് ഹംഗേറിയന്‍ കമ്പനി മറുപടി നല്‍കിയത്. അങ്ങനെയാണ് അന്വേഷണം നോര്‍വയിലേക്കും അവിടെ നിന്നും ബള്‍ഗേറിയന്‍ കമ്പനിയിലേക്കും മലയാളിയിലേക്കും എത്തിയത്.
ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് റിന്‍സണ്‍ ജോണിന്റേത്. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനിയാണ് പേജര്‍ നിര്‍മ്മാണത്തിനുളള പണം ഹംഗറിയിലുളള മറ്റൊരു കമ്പനിയിലേക്ക് നല്‍കിയത്. റിന്‍സണ്‍ ജോണിന്റെ കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണത്തെ കുറിച്ച് റിന്‍സന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
98 1 minute read