ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണം. നാല് പേർ കൊല്ലപ്പെട്ടു. യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവിടങ്ങളിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. വൈദ്യുത നിലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി.
ഹൂതികൾ ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളം ആക്രമിച്ചതിന് പിന്നാലെ ആണ് ഇസ്രയേൽ തിരിച്ചടിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ദിവസം തന്നെയാണ് ഹൂതികൾ ബെൻ ഗുരിയോൻ വിമാനത്താവളം ആക്രമിച്ചത്.
അതിനിടെ ലെബനനൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ 105 പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ കമാൻഡർ നബീൽ ഖയൂക്ക് കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ബെക്ക താഴ്‌വരയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു.
അതിനിടെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ വിവരങ്ങൾ അറിയിച്ചത് ഇറാൻ ചാരനാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നയീം കാസിം ഹിസ്ബുല്ലയുടെ ഇടക്കാല മേധാവിയായി ചുമതലയേറ്റു.