BREAKINGNATIONAL
Trending

ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികള്‍ പ്രസ്താവിക്കുന്ന രാജ്യത്തെ എല്ലാ സെഷന്‍സ് കോടതികളും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, പങ്കജ് മിത്തല്‍ എന്നിവരാണ് സുപ്രധാനമായ നിര്‍ദേശം നല്‍കിയത്.
കേസുകള്‍ മെറിറ്റ് പരിശോധിച്ചശേഷം ഇരകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവും സെഷന്‍സ് കോടതികള്‍ക്ക് പുറപ്പെടുവിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രധാനമായ വിധിയുടെ പകര്‍പ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും കൈമാറാനും സുപ്രീം കോടതി നിര്‍ദേശിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു പോക്സോ കേസില്‍ അമിക്കസ് ക്യുറി സഞ്ജയ് ഹെഡ്ഡെയും അഭിഭാഷകന്‍ മുകുന്ദ് പി ഉണ്ണിയും കൈമാറിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രസ്താവം.
പോക്സോ, ലൈംഗിക പീഡന കേസുകളിലെ ഇരകള്‍ക്ക് ക്രിമിനല്‍ നടപടി ചട്ടത്തിലെ 357 എ, ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ 396 വകുപ്പുകള്‍ പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടതാണ്. എന്നാല്‍ പലപ്പോഴും സെഷന്‍സ് കോടതികള്‍ ഈ നഷ്ടപരിഹാരം വിധിക്കാറില്ലെന്ന് അമിക്കസ് കോടതി സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 357 എ പ്രകാരം ഉള്ള നഷ്ടപരിഹാരം, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 357 ബി പ്രകാരം ഈടാക്കുന്ന പിഴയ്ക്ക് പുറമെ ആണെന്നും അമിക്കസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

Related Articles

Back to top button