BREAKINGINTERNATIONALNATIONAL

വരന്‍ ഇടയ്ക്കിടെ ബാത്ത്‌റൂമില്‍ പോകുന്നു, പിന്നാലെ ചെന്ന് നോക്കിയപ്പോള്‍ കള്ളി വെളിച്ചത്ത്, വിവാഹം മുടങ്ങി

വിവാഹങ്ങള്‍ക്കിടെ പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നതും ബഹളമുണ്ടാകുന്നതും ചിലപ്പോള്‍ കല്ല്യാണം തന്നെ മുടങ്ങിപ്പോകുന്നതുമായ ഏറെ സംഭവങ്ങളുണ്ടാകാറുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സാഹിബാബാദിലും നടന്നത്.
വരന്‍ ഇടയ്ക്കിടെ ബാത്ത്‌റൂമില്‍ പോകാനെന്ന് പറഞ്ഞ് മുങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഇങ്ങനെ ഇടവിട്ട് ഇടവിട്ട് ബാത്ത്‌റൂമില്‍ പോകാനായി വരന്‍ എഴുന്നേറ്റതോടെ വധുവിന് സംശയം തോന്നി. അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. വിവാഹം നടക്കുന്ന മണ്ഡപത്തിന് പിന്നിലായി സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന് മദ്യപിക്കുകയായിരുന്നത്രെ വരന്‍. അതോടെ സന്തോഷകരമായി നടക്കേണ്ടിയിരുന്ന വിവാഹച്ചടങ്ങ് അലങ്കോലമായിത്തീര്‍ന്നു. എന്തിനേറെ പറയുന്നു, പൊലീസ് വരെ വന്നു.
മാസങ്ങള്‍ മുമ്പ് തീരുമാനിച്ച വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും വളരെ നന്നായിത്തന്നെയാണ് നടന്നിരുന്നത്. വരമാല ചടങ്ങ് വരെ കാര്യങ്ങള്‍ അങ്ങനെ പോയി. ഇരുവരും ഹാരവുമണിയിച്ചു. എന്നാല്‍, അത് കഴിഞ്ഞതോടെയാണ് വരന്‍ അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങിയത്. ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞ് വരന്‍ ഇടയ്ക്കിടെ മണ്ഡപത്തില്‍ നിന്നും മുങ്ങാന്‍ തുടങ്ങി. ഇതോടെയാണ് വധുവിന്റെ വീട്ടുകാര്‍ക്ക് സംശയം തോന്നിയത്.
ഒടുവില്‍ വധു തന്നെയാണ് തന്റെ വീട്ടുകാരോട് അയാളെ ഒന്ന് നോക്കിയിട്ട് വരൂ എന്ന് പറയുന്നത്. നോക്കിയപ്പോഴാണ് വരന്‍ ബാത്ത്‌റൂമില്‍ പോയതല്ലെന്ന് മനസിലായത്. അയാള്‍ മണ്ഡപത്തിന്റെ പിന്നില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് മദ്യപിക്കുകയായിരുന്നു. അതോടെ പ്രശ്‌നമായി. എന്നാല്‍, ശരിക്കും താന്‍ ബാത്ത്‌റൂമില്‍ പോവുകയായിരുന്നു എന്നാണ് വരന്‍ പറഞ്ഞത്. പക്ഷേ, അയാളുടെ സംസാരം അവ്യക്തമായിരുന്നു, പെരുമാറ്റത്തിലും പ്രശ്‌നങ്ങളുണ്ടായിരുന്നു.
അങ്ങനെ ചടങ്ങ് ആകെ അലങ്കോലപ്പെട്ടു. വരന്‍ 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതായും വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. ഇങ്ങനെയൊരു വിവാഹം വേണ്ട എന്നും ചടങ്ങുകള്‍ തുടരുന്നില്ല എന്നും വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു. ഒടുവില്‍, ഇരുവീട്ടുകാരും തമ്മില്‍ വലിയ ബഹളമായതോടെ പൊലീസും സ്ഥലത്തെത്തി. പിന്നീട്, വിവാഹം വേണ്ടെന്നും വച്ചു.

Related Articles

Back to top button