BREAKINGKERALA

വാട്ട്‌സ് ആപ്പിലൊരു ലിങ്ക്, ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ട്രേഡിംഗ് തുടങ്ങി; ടെക്കിക്ക് നഷ്ടമായത് 6 കോടി; വന്‍തട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. തലസ്ഥാനത്തുള്ള ഐടി എഞ്ചിനിയര്‍ക്ക് വ്യാജ ട്രേഡിംഗ് ആപ്പ് വഴി നഷ്ടമായത് 6 കോടി രൂപ. സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ഏറ്റവും കൂടുതല്‍ തുക നഷ്ടമായത് ആലപ്പുഴയിലാണ്. 7 കോടി രൂപയാണ് നഷ്ടമായത്. അതിന് പിന്നാലെ ഏറ്റവും കൂടിയ തുക ഓണ്‍ലൈന്‍ തട്ടിപ്പ് വഴി നഷ്ടമായിരിക്കുന്നത് ഇപ്പോള്‍ തലസ്ഥാനത്താണ്, 6 കോടി.
വിദേശത്ത് ഐടി മേഖലയില്‍ ജോലി ചെയ്ത് മടങ്ങി എത്തിയ തിരുവനന്തപുരം സ്വദേശിയാണ് തട്ടിപ്പിനിരയായത്. വ്യാജ ട്രേഡിങ് ആപ്പില്‍ കുരുങ്ങിയാണ് ഇയാള്‍ക്ക് പണം നഷ്ടമായത്. വിദേശത്ത് നിന്ന് മടങ്ങിയ ശേഷം പരാതിക്കാരനായ ഐടി എഞ്ചിനിയര്‍ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി ട്രേഡിംഗ് നടത്തുമായിരുന്നു. ഇതിനിടെയാണ് പേരുകേട്ട ട്രേഡിംഗ് കമ്പനികളുടെ പേരില്‍ വാട്‌സപ്പ് മെസേജുകള്‍ വരുന്നത്. മെസേജിലുണ്ടായിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ട്രേഡിങ് നടത്തി.
വലിയ ഓഫറുകള്‍ കിട്ടിയപ്പോള്‍ വന്‍ തുക നിക്ഷേപിച്ചു. സൈബര്‍ തട്ടിപ്പ് സംഘം ഉണ്ടാക്കിയ വ്യാജ അക്കൗണ്ടില്‍ ഓരോ പ്രാവശ്യവും ലക്ഷങ്ങളും കോടികളും എത്തിയതായി കാണിച്ചു .അങ്ങനെ ആറ് കോടി രൂപ പരാതിക്കാരന്‍ നിക്ഷേപിച്ചു. പണം പിന്‍വലിക്കാന്‍ നോക്കിയപ്പോള്‍ ലാഭത്തിന്റെ ഇരുപത് ശതമാനം തുക നിക്ഷേപിച്ചാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂവെന്ന് തടിപ്പ് സംഘം അറിയിച്ചു. ഈ മാസം 27 തിയതിയാണ് തട്ടിപ്പിലൂടെ പണം നഷ്ടമായതായി വ്യക്തമായത്. തുടര്‍ന്ന് ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്ന പോര്‍ട്ടലില്‍ വിവരം അറിയിച്ചു. അപ്പോഴേക്കും പണമെല്ലാം പല അക്കൗണ്ടുകള്‍ വഴി നഷ്ടമായിരുന്നു.വെറും ഒരുമാസം കൊണ്ടാൈണ് ഇത്രയുമധികം പണം നഷ്ടമായത്.

Related Articles

Back to top button