BREAKINGNATIONAL

വായുവില്‍ ഒരു വിവാഹാഭ്യര്‍ത്ഥന; വിമാനത്തില്‍ വച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന യുവതിയുടെ വീഡിയോ വൈറല്‍

പ്രണയം തുറന്നു പറയാന്‍ കാമുകി – കാമുകന്മാര്‍ പല വഴികള്‍ തേടാറുണ്ട്. എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന വിധം ആ നിമിഷങ്ങളെ മനോഹരമാക്കാനും വ്യത്യസ്തമാക്കാനും പ്രണയ ജോഡികള്‍ നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ ഒരു വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ആകാശത്തിലൂടെ പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിനുള്ളില്‍ വച്ചാണ് ഒരു യുവതി തന്റെ കാമുകനോട് വിവാഹാഭ്യര്‍ത്ഥന നടത്തി ശ്രദ്ധ നേടിയത്. ഐശ്വര്യ ബന്‍സാല്‍ എന്ന യുവതിയാണ് ഇത്തരത്തില്‍ വേറിട്ടൊരു വിവാഹാഭ്യര്‍ത്ഥനയിലൂടെ താരമായത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഐശ്വര്യ വിവാഹാഭ്യര്‍ത്ഥനയുടെ നിമിഷങ്ങള്‍ പങ്കുവെച്ചത് സമൂഹ മാധ്യമ ഉപയോക്താക്കളും ഏറ്റെടുത്തു.
‘ഞാന്‍ വായുവില്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, എന്ന കുറിപ്പോടെയാണ് ഐശ്വര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐശ്വര്യ ബന്‍സാലും അവളുടെ കാമുകന്‍ അമൂല്യ ഗോയലും വിമാനത്തില്‍ കയറുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വിമാനത്തില്‍ കയറി നിമിഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ തന്റെ കാമുകന്‍ ഇരിക്കുന്നിടത്തേക്ക് നടന്നു വരുന്നു. ഈ സമയം വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരില്‍ ചിലര്‍ ‘വില്‍ യു മാരി മി’ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി കാട്ടുന്നു. ഇതെല്ലാം കണ്ട് അമ്പരന്നു പോയ അമൂല്യ ഗോയലിനെയും വീഡിയോയില്‍ കാണാം. പിന്നാലെ ഐശ്വര്യ, അമൂല്യയ്ക്ക് മുന്‍പില്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ത്ഥന നടത്തി മോതിരം അയാളുടെ വിരലുകളില്‍ അണിയിക്കുന്നു.
ഇരുവരും പരസ്പരം ചുംബിക്കുന്നതും സഹയാത്രികര്‍ ഇരുവരെയും അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്‍ഡിഗോ വിമാനത്തില്‍ വച്ചായിരുന്നു ഇത്തരത്തില്‍ വേറിട്ടൊരു വിവാഹാഭ്യര്‍ത്ഥന നടന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് മണിക്കൂറുകള്‍ കൊണ്ടു തന്നെ വീഡിയോ വൈറലായി. ഇതിനോടകം അഞ്ച് ദശലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയോട് പ്രതികരിച്ച് കൊണ്ട് ഇന്‍ഡിഗോ ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുകയും ഈ നിര്‍ണ്ണായക തീരുമാനത്തില്‍ രണ്ട് പേര്‍ക്കും ഒരുപാട് സന്തോഷവും സ്‌നേഹവും ഒരുമയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

Related Articles

Back to top button