പാലക്കാട്: വാളയാര്‍ കേസിലെ മുന്‍ അന്വേഷണോദ്യോഗസ്ഥന്‍ എം.ജെ. സോജന് ഐ.പി.എസ്. ഗ്രേഡ് ലഭിക്കുന്നതിനായുള്ള സമഗ്രതാ (ഇന്റഗ്രിറ്റി) സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെയ്ക്കാനാവില്ലെന്ന് ആഭ്യന്തരവകുപ്പ്. സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.
നിലവില്‍ എസ്.പി. (നോണ്‍ ഗ്രേഡ്) ആയ സോജന് സീനിയോരിറ്റിപ്രകാരം 2021-22 വര്‍ഷത്തെ ഐ.പി.എസ്. ലഭിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സമഗ്രതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, സോജനെതിരേ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മര്‍ദനാരോപണവുമായി ബന്ധപ്പെട്ട കേസും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയും ഉയര്‍ന്നു. തുടര്‍ന്ന്, സര്‍ട്ടിഫിക്കറ്റ് കൈമാറുന്നത് ആഭ്യന്തരവകുപ്പ് തടഞ്ഞുവെച്ചിരുന്നു.
കുന്നംകുളം പോലീസ് സ്റ്റേഷനില്‍ സോജനെതിരേ എടുത്ത കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ഐ.പി.എസ്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് വകുപ്പുതലത്തിലുള്ള സമഗ്രതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിയമതടസ്സങ്ങളിലെന്ന് അഡീ. അഡ്വക്കേറ്റ് ജനറല്‍ രേഖാമൂലം അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജന്‍, മരണപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മോശമായി സംസാരിച്ചെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ പരാതി. ഇതിന് തെളിവായി ശബ്ദരേഖയും ഹാജരാക്കിയിരുന്നു.
പരാതിയില്‍ ജൂലായ് 26-ന് ആഭ്യന്തരവകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പെണ്‍കുട്ടികളുടെ അമ്മയില്‍നിന്ന് നേരിട്ട് തെളിവെടുപ്പ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സോജന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടികളെക്കുറിച്ച് മോശമായി സംസാരിച്ചെന്ന കാര്യം നിഷേധിച്ച സോജന്‍ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
ജോലിയിലെ കാര്യക്ഷമത പരിഗണിച്ചാണ് വകുപ്പുതലത്തില്‍ ഐ.പി.എസ്. ഗ്രേഡിനുള്ള സമഗ്രതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വ്യക്തിഗത പരാതികള്‍ക്ക് ഇതില്‍ സ്വാധീനം ചെലുത്താനാവില്ലെന്നും ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുന്നതിനാവശ്യമായ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
50 1 minute read