BREAKINGINTERNATIONAL

വിനോദസഞ്ചാരികള്‍ക്ക് താല്ക്കാലികഭാര്യമാരായി പാവപ്പെട്ട സ്ത്രീകള്‍, പകരം ‘വധുവില’, വ്യാപകവിമര്‍ശനം

ഇന്തോനേഷ്യന്‍ ഗ്രാമങ്ങളിലെ പാവപ്പെട്ട യുവതികളെ വിനോദസഞ്ചാരികളായി എത്തുന്നവര്‍ പണം കൊടുത്ത് ഹ്രസ്വകാല ഭാര്യമാരാക്കിയ ശേഷം ഉപേക്ഷിക്കുന്ന സമ്പ്രദായം സജീവമാവുന്നു എന്ന് റിപ്പോര്‍ട്ട്. ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ് ഇപ്പോള്‍. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ ചര്‍ച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പുങ്കാക്കില്‍ ആണ് പ്രധാനമായും ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. താല്‍ക്കാലിക വിവാഹങ്ങളില്‍ ഏര്‍പ്പെടാന്‍ സഹായിക്കുന്ന ഏജന്‍സികള്‍ ഇപ്പോള്‍ ഇവിടെ സജീവമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം ഏജന്‍സികള്‍ വഴി എളുപ്പത്തില്‍ വിനോദസഞ്ചാരികളായി എത്തുന്നവര്‍ക്ക് പ്രാദേശിക സ്ത്രീകളുമായി പരിചയപ്പെടാം. തുടര്‍ന്ന് ഇരുകൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ വളരെ വേഗത്തില്‍ അനൗപചാരികമായ ഒരു വിവാഹ ചടങ്ങ് നടത്തും. അതിനുശേഷം പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് വധുവില എന്ന പേരില്‍ പണവും നല്‍കും.
താല്‍ക്കാലിക വിവാഹത്തിനുശേഷം സ്ത്രീകള്‍ താമസിക്കുന്നത് തങ്ങളെ വിവാഹം കഴിച്ച വിനോദസഞ്ചാരികളോടൊപ്പം ആയിരിക്കും. ഈ സമയത്ത് ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് പെരുമാറണം. വീട്ടുജോലികള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്ത് നല്‍കണം. ഒടുവില്‍ ഭര്‍ത്താവ് രാജ്യം വിടുമ്പോള്‍ വിവാഹബന്ധവും വേര്‍പ്പെടുത്തുന്നു.
ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ‘ആനന്ദ വിവാഹങ്ങള്‍’ (pleasure marriages) എന്ന പേരിലാണ് ഇത്തരം താല്‍ക്കാലിക ക്രമീകരണങ്ങള്‍ ഇവിടെ അറിയപ്പെടുന്നത്. ഇത് ഈ മേഖലയിലെ വിനോദസഞ്ചാരത്തെയും സമ്പദ് വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും വലിയൊരു വ്യവസായം ആയി മാറുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിവാഹത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ ദീര്‍ഘവും സുസ്ഥിരവുമായ ബന്ധമാണ് എന്ന് വിശ്വസിക്കുന്നതിനാല്‍ തന്നെ ഇന്തോനേഷ്യന്‍ നിയമപ്രകാരം ഈ വിവാഹങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ല. പിടിക്കപ്പെട്ടാല്‍ വിവാഹ നിയമങ്ങളുടെ ലംഘനം നടത്തിയതിന് പിഴ, തടവ്, സാമൂഹികമോ മതപരമോ ആയ പ്രത്യാഘാതങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കും എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button