വിശാഖപട്ടണത്ത് കണ്ടെത്തിയ പതിമൂന്നുകാരിയെ ഇന്ന് കേരളത്തിലെത്തിക്കും. കേരള പൊലീസ് സംഘം വിശാഖപട്ടണത്തിലെ ഗേൾസ് ഹോമിൽ എത്തി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. വീട്ടിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് പെൺകുട്ടി പറഞ്ഞതായി പൊലീസ് സംഘം അറിയിച്ചു.
ഇന്നലെ വൈകീട്ടോടെയാണ് കഴക്കൂട്ടത്ത് നിന്നുള്ള പൊലീസ് സംഘം വിശാഖ പട്ടണത്തെ ഗേൾസ് ഹോമിലേക്ക് എത്തിയത്. എസ്ഐയും ഒരു വനിതാ പൊലീസുമാണ് കേരളാ സമാജം പ്രവർത്തകരോടൊപ്പം പെൺകുട്ടിയെ നേരിൽ കണ്ടത്. മടങ്ങിപ്പോവാൻ തയ്യാറെന്ന് കുട്ടി പറഞ്ഞതായി എസ് ഐ പറഞ്ഞു.പെൺകുട്ടിയെ ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ഇന്ന് ഉച്ചയ്ക്ക് മുൻപ് കുട്ടിയുമായി കേരളത്തിലേക്ക് തിരിക്കും.ചൈൽഡ് കെയർ സെന്ററിൽ കഴിയുന്ന കുട്ടിയുടെ മൊഴി സി.ഡബ്ല്യു.സിയും രേഖപ്പെടുത്തി. പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചതിന് ശേഷമായിരിക്കും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുക.